< Back
Saudi Arabia
ജമാല്‍ ഖശോഗിയുടെ തിരോധാനം: കോണ്‍സുല്‍ ജനറലുടെ വീട്ടില്‍ സൌദി അന്വേഷണ സംഘത്തിന്റെ പരിശോധന
Saudi Arabia

ജമാല്‍ ഖശോഗിയുടെ തിരോധാനം: കോണ്‍സുല്‍ ജനറലുടെ വീട്ടില്‍ സൌദി അന്വേഷണ സംഘത്തിന്റെ പരിശോധന

Web Desk
|
17 Oct 2018 11:00 PM IST

കോണ്‍സുല്‍ ജനറലുടെ വീടും വാഹനവും പരിശോധിക്കാനുള്ള അനുമതിയും സൌദി ഭരണകൂടം നല്‍കിയിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ സൌദി കോണ്‍സുല്‍ ജനറലുടെ വീട്ടില്‍ സൌദി അന്വേഷണ സംഘത്തിന്റെ പരിശോധന. തുര്‍ക്കി അന്വേഷണ സംഘത്തിന്റെ പരിശോധനക്ക് മുന്നോടിയായാണ് ഇത്. കോണ്‍സുല്‍ ജനറലുടെ വീടും വാഹനവും പരിശോധിക്കാനുള്ള അനുമതിയും സൌദി ഭരണകൂടം നല്‍കിയിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് കോണ്‍സുലേറ്റിലെത്തിയ ജമാല്‍ ഖശോഗിയെ കാണാതാകുന്നത്. കോണ്‍സുലേറ്റില്‍ നിന്നും അദ്ദേഹം പുറത്ത് കടന്നിട്ടില്ലെന്നാണ് പ്രതിശ്രുത വധുവിന്റെ പരാതി. ഖശോഗി കൊല്ലപ്പെട്ടെന്ന വാര്‍ത്ത സൌദി നിഷേധിച്ചിരുന്നു. പിന്നാലെ തുര്‍ക്കി സൌദി സംയുക്ത സംഘം അന്വേഷണം തുടങ്ങി. കോണ്‍സുലേറ്റില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കോണ്‍സുലേറ്റിനകത്തെ ചില വസ്തുക്കളില്‍ പെയിന്റടിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും തുര്‍ക്കി പ്രസിഡണ്ട് പറഞ്ഞിരുന്നു.

സുപ്രധാന വിവിരങ്ങള്‍ ലഭിച്ചതായി ചില മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. കോണ്‍സുലേറ്റില്‍ നിന്നും കോണ്‍‌സുല്‍ ജനറലുടെ വീട്ടിലേക്കാണ് ഖശോഗിയെ കൊണ്ടു പോയത് എന്ന സംശയം തീര്‍ക്കാനാണ് വീട്ടില്‍ പരിശോധനക്ക് അനുമതി. കൊണ്ടു പോയെന്ന് ആരോപിക്കുന്ന വാഹനം പരിശോധിക്കാനും സൌദി അനുമതി നല്‍കിയിട്ടുണ്ട്‌. എന്നാല്‍ തുര്‍ക്കി അന്വേഷണ സംഘം ഇന്നലെ രാത്രി എത്തിയെങ്കിലും പരിശോധന പൂര്‍ത്തിയാക്കാനായില്ല. ഇത് ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി സൌദി പരിശോധക സംഘം കോണ്‍സുല്‍ ജനറലുടെ വീട്ടില്‍ പരിശോധന നടത്തിയിട്ടുണ്ട്. അന്വേഷണം തീര്‍ന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് സൌദിയും തുര്‍ക്കിയും അമേരിക്കയും. വിഷയത്തില്‍ സൌദി ആഭ്യന്തര അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

Similar Posts