< Back
Saudi Arabia
സൗദി അറേബ്യയില്‍ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്
Saudi Arabia

സൗദി അറേബ്യയില്‍ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്

Web Desk
|
6 Dec 2018 12:02 AM IST

ഇന്ന് രാവിലെ പെയ്ത മഴയില്‍ ജിദ്ദയിലെ പ്രധാന റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു

സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് രാവിലെ പെയ്ത മഴയില്‍ ജിദ്ദയിലെ പ്രധാന റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. വരും ദിവസങ്ങളില്‍ മഴ ശക്തി യാകാനിടയുള്ളതിനാൽ മുന്‍കരുതല്‍ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി.

ഇന്ന് രാവിലെ മുതലാണ് ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തു തുടങ്ങിയത്. ശക്തമായ മഴകാരണം ജിദ്ദയിലെ പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ചില പ്രധാന അടിപ്പാതകൾ സുരക്ഷാ വിഭാഗം താൽക്കാലികമായി അടച്ചു. ജിസാൻ, അസീർ, ബാഹ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ഇടിയും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ദീർഘദൂര യാത്രക്കാർ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചെങ്കടലിൽ ശക്തമായ കാറ്റും തിരമാലകളും ഉണ്ടാവാനിടയുണ്ട്. വാഹനമോടിക്കുന്നവർ സുരക്ഷാ മാർഗ്ഗ നിർദേങ്ങളനുസരിക്കണമെന്ന് മക്കയിലെ സിവിൽ ഡിഫൻസ് വക്താവ് നായിഫ് അൽ ശരീഫ് പൊതു ജനങ്ങളോടാവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യാന്പുവിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Similar Posts