< Back
Saudi Arabia
സൗദി നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു
Saudi Arabia

സൗദി നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു

Web Desk
|
8 Dec 2018 12:08 AM IST

സൗദി നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ അതിസൂക്ഷ്മ ബഹിരാകാശ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും. സൗദി എഞ്ചിനീയര്‍മാരാണ് ഉപഗ്രഹങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജി നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങളാണ് വെള്ളിയാഴ്ച വിജയകരമായി വിക്ഷേപിച്ചത്. മുന്‍ നിശ്ചയപ്രകാരം രാവിലെ ഏഴ് മണിക്ക് ദ്യത്യം വിജയകരമായി പൂര്‍ത്തീകരിച്ചതായി കാസ്റ്റ് അധികൃതര്‍ വിശദീകരിച്ചു. സൗദി ചാനല്‍, അല്‍ഇഖ്ബാരിയ്യ, എസ്.ബി.സി, അല്‍അറബിയ്യ എന്നീ ചാനലുകള്‍ വിക്ഷേപണത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സാറ്റ് 5എ, 5ബി എന്നീ ഉപഗ്രഹങ്ങള്‍ അതിന്റെ ഭ്രമണപഥത്തില്‍ എത്തിയിട്ടുണ്ടെന്നും കാസ്റ്റിലെ എഞ്ചിനീയര്‍മാര്‍ ചൈനയിലെ ജിയോങ്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ കാത്തിരിക്കയാണെന്നും കാസ്റ്റ് വൃത്തങ്ങള്‍ പറഞ്ഞു. യൂറോപ്യന്‍ വാനനിരീക്ഷണ സംവിധാനം ഉപയോഗിച്ച് സൗദി എഞ്ചിനീയര്‍മാരാണ് ഉപഗ്രഹങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സൗദിയുടെ നിരീക്ഷണ, വികസന മേഖലയില്‍ വന്‍കുതിപ്പ് സൃഷ്ടിക്കാന്‍ ഉപഗ്രഹങ്ങള്‍ സഹായിക്കും. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ അതിസൂക്ഷ്മ ബഹിരാകാശ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും. സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ഉപഗ്രഹ നിര്‍മാണവും വിക്ഷേപണവും പൂര്‍ത്തീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Tags :
Similar Posts