
പ്രവിശ്യകള്‍ കേന്ദ്രീകരിച്ച് സ്വദേശിവത്കരണം; 30000 പേര്‍ക്ക് ജോലി നല്‍കും
|സൗദിയില്‍ കിഴക്കന്‍ മേഖലയില്‍ മുപ്പതിനായിരം പേര്‍ക്ക് ജോലി നല്‍കുന്നു. പ്രവിശ്യകള്‍ കേന്ദ്രീകരിച്ചുള്ള സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച ധാരണാ പത്രത്തില് മന്ത്രാലയങ്ങള്‍ ഒപ്പ് വെച്ചു.
കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ പ്രവിശ്യാ സാമൂഹിക വികസന മന്ത്രാലയം ഒപ്പു വെച്ചത്. സൗദി അഡ്വാന്‍സ്ഡ് ബിസിനസ് സ്ഥാപനവുമായാണ് ധാരണയിലെത്തിയത്. സ്വദേശിവല്‍ക്കരണം ഉയര്‍ത്തുക, സ്വദേശി തൊഴിലന്വേഷകരെ സ്വകാര്യ മേഖലയിലേക്ക് അടുപ്പിക്കുക, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജനം പകരുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.
പ്രവിശ്യയിലെ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഗുണഭോക്താക്കളായ അനാഥകള്‍, ഭിന്നശേഷിക്കാര്‍, സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ എന്നിവരെ മതിയായ തൊഴില്‍ പരിശീലനത്തിലൂടെ പ്രാപ്തരാക്കുന്നതിനും ധാരണാ പത്രത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് വിവിധ വകുപ്പ് പ്രതിനിധികള്‍ അടങ്ങിയ കര്‍മ സമിതിയും നിലവില്‍ വരും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായുള്ള പുതിയ കരാര്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും.