< Back
Saudi Arabia
പല ഉയര്‍ന്ന തസ്തികകളിലേക്കും വിദേശികള്‍ക്ക് വിസ അനുവദിക്കാന്‍ സൗദി തൊഴില്‍ ‍- സാമൂഹിക മന്ത്രാലയം
Saudi Arabia

പല ഉയര്‍ന്ന തസ്തികകളിലേക്കും വിദേശികള്‍ക്ക് വിസ അനുവദിക്കാന്‍ സൗദി തൊഴില്‍ ‍- സാമൂഹിക മന്ത്രാലയം

Web Desk
|
17 Jan 2019 11:16 PM IST

യോഗ്യരായ സ്വദേശികള്‍ക്ക് ഉയര്‍ന്ന തസ്തികയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ മന്ത്രാലയം നേരത്തെ ആരംഭിച്ചിരുന്നു

സൗദിയില്‍ എട്ട് ഉയര്‍ന്ന തസ്തികകളിലേക്ക് മതിയായ ജീവനക്കാരില്ലാത്തതിനാല്‍ വിദേശികള്‍ക്ക് വിസ അനുവദിക്കുമെന്ന് തൊഴില്‍ ‍- സാമൂഹിക മന്ത്രാലയം. എഞ്ചിനിയറിങ്, മെഡിസിന്‍, ഐ.ടി, നഴ്‌സിങ്, അക്കൌണ്ടിങ് വിഭാഗങ്ങളിലേക്കാണ് നിയമനങ്ങള്‍. ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികള്‍ക്ക് ആശ്വാസകരമാകും പുതിയ നീക്കം.

യോഗ്യരായ സ്വദേശികള്‍ക്ക് ഉയര്‍ന്ന തസ്തികയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ മന്ത്രാലയം നേരത്തെ ആരംഭിച്ചിരുന്നു. യോഗ്യരായ സൗദികളുടെ അഭാവം നേരിടുന്ന തസ്തികകളില്‍ സൗദിവല്‍ക്കരണം പ്രയാസകരമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ മാറ്റം. ഇതിനെ തുടര്‍ന്നാണ് എഞ്ചിനീയറിങ്, മെഡിസിന്‍, ഐ.ടി, നഴ്‌സിങ്, ഫാര്‍മസി, മെഡിക്കല്‍ ടെക്‌നോളജി, അക്കൗണ്ടിങ് ആന്‍റ് ഫിനാന്‍സിങ് തുടങ്ങി എട്ട് തസ്തികകളിലേക്കാണ് കോമ്പന്‍സേറ്ററി വിസ അനുവദിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. സ്വകാര്യ മേഖലയില്‍ പ്ലാറ്റിനം, കടുംപച്ച കാറ്റഗറികളിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക. ഈ കാറ്റഗറികളില്‍ പെടുന്ന സ്ഥാപനങ്ങളുടെ സുഖകരമായ പ്രവര്‍ത്തനം ഇതിലൂടെ ഉറപ്പുവരുത്തുകയാണ് മന്ത്രാലയം. കമ്പനികളില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ പോയ തൊഴിലാളിക്ക് പകരമായിട്ടാണ് വിസ അനുവദിക്കുക. മന്ത്രാലയത്തിന്‍റെ ഇലക്ട്രോണിക് സേവനങ്ങള്‍ വഴി വിസ നേരിട്ട് എളുപ്പത്തില്‍ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Similar Posts