< Back
Saudi Arabia
സേവനം പ്രയോജനപ്പെടുത്തുന്നവര്‍  ഹിസാബി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ഇലക്ട്രിക് കമ്പനി
Saudi Arabia

സേവനം പ്രയോജനപ്പെടുത്തുന്നവര്‍  ഹിസാബി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ഇലക്ട്രിക് കമ്പനി

Web Desk
|
22 April 2019 2:11 AM IST

വൈദ്യുതി സേവനം പ്രയോജനപ്പെടുത്തുന്ന മുഴുവന്‍ ആളുകളും ഹിസാബി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ഇലക്ട്രിക് കമ്പനി അറിയിച്ചു. ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വൈദ്യുതി മീറ്ററുകള്‍ യഥാര്‍ത്ഥ ഉപയോക്താക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വേണ്ടിയാണിത്.

രജിസ്റ്റര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കായി വിവിധ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയില്‍ നിലവില്‍ കെട്ടിട ഉടമകളുടെ പേരിലാണ് വൈദ്യുതി മീറ്ററുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ഈ രീതി അവസാനിപ്പിച്ച് യഥാര്‍ത്ഥ ഉപയോക്താക്കളുടെ പേരില്‍ വൈദ്യുതി ബില്ലുകള്‍ വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സ്വദേശി-വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ ഉപയോക്താക്കളും ഹിസാബി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സമ്മാനങ്ങളും ആനുകൂല്ല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് 30 പേരെ നറുക്കെടുപ്പിലൂടെ കണ്ടെത്തി കാറുകള്‍ സമ്മാനമായി നല്‍കും. കൂടാതെ ആയിരം വരിക്കാര്‍ക്ക് മാസത്തില്‍ ആകെ പത്തു ലക്ഷം കിലോവാട്ട് വീതം വൈദ്യുതി സൗജന്യമായി ഉപയോഗിക്കാനുമാകും.

ഒരു തവണ രജിസ്റ്റര്‍ ചെയ്ത ഉപയോക്താവ് മറ്റൊരു സ്ഥലത്തേക്ക് മാറുമ്പോള്‍ നേരത്തെ ഉപയോഗിച്ചിരുന്ന വൈദ്യുതി മീറ്ററിനെ തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്യുവാനും പുതിയത് ചേര്‍ക്കുവാനും സൗകര്യമുണ്ട്. ഓണ്‍ലൈനായും ഇലക്ട്രിസിറ്റി കമ്പനി ഓഫീസില്‍ നേരിട്ടെത്തിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാം.

Similar Posts