
റിയാദ് സീസണ്‍ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ സൗദി
|7500 വിനോദ പരിപാടികളാണ് ഫെസ്റ്റിവലിന്‍റെ ഭാഗമായി അരങ്ങേറുക.
ലോകത്തെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്ന റിയാദ് സീസൺ ഫെസ്റ്റിവലിന് ഒക്ടോബർ 20ന് തുടക്കമാകും. രണ്ട് കോടി സന്ദർശകരെയാണ് ഇത്തവണത്തെ റിയാദ് സീസണ്‍ ഫെസ്റ്റിവലിന് പ്രതീക്ഷിക്കുന്നത്. 7500 വിനോദ പരിപാടികളാണ് ഫെസ്റ്റിവലിന്‍റെ ഭാഗമായി അരങ്ങേറുക.
സൗദി ജനറൽ എന്‍റര്‍ടൈന്‍മെന്‍റ് അതോറിറ്റിയാണ് റിയാദ് സീസൺ ഫെസ്റ്റിവലിന്‍റെ സംഘാടകർ. ഒക്ടോബർ നാലിന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഫെസ്റ്റിവലിന്‍റെ മുഴുവൻ വിശദാംശങ്ങളും പ്രഖ്യാപിക്കുമെന്ന് ജനറൽ എന്‍റര്‍ടൈന്‍മെന്‍റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു.
2022 ജനുവരിയിൽ നടക്കുന്ന റിയാദ് സീസൺ കപ്പിൽ ഫ്രഞ്ച് അധികായരായ പിഎസ്ജി യുടെ ഫുട്ബോൾ മത്സരവും അരങ്ങേറും. ഇത് കൊണ്ടൊക്കെ നിരവധി പ്രവാസികള്‍ പരിപാടിക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 14 സോണുകളിലായായാണ് 7500 പരിപാടികള്‍ അരങ്ങേറുക. 200 റസ്റ്റോറന്‍റുകളും പരിപാടിക്കായൊരുക്കുന്നുണ്ട്.
താൽക്കാലികമെങ്കിലും പ്രവാസികൾക്കായി വൻ ജോലി സാധ്യതകളാണ് ഫെസ്റ്റിവല്‍ തുറന്നിടുക. സൗദിയുടെ എണ്ണേതര വരുമാനം ലക്ഷ്യം വെച്ച് കിരീടാവകാശിയുടെ പദ്ധതിയാണ് സീസൺ ഫെസ്റ്റിവൽ. റിയാദിന് പിന്നാലെ സൗദിയിലെ ബാക്കിയുള്ള 12 പ്രവിശ്യകളിലും ഫെസ്റ്റിവലെത്തിയേക്കും.