
യുവതാരം ഷെയ്ഖ് തുറെ Photo- X.com image
ട്രയൽസിനെന്ന് പറഞ്ഞ് യുവ ഫുട്ബോളറെ തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യം നൽകാത്തതിൽ കൊലപ്പെടുത്തി; ഞെട്ടി സെനഗൽ
|ആഫ്രിക്കന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് മന്ത്രാലയം തുറെയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം ഉടന്‍ തന്നെ സെനഗലിലേക്ക് തിരികെ കൊണ്ടുവരും.
അക്ര (ഘാന): ട്രയൽസിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയ സെനഗൽ യുവ ഫുട്ബോൾ താരത്തെ ക്രിമിനൽ സംഘം കൊലപ്പെടുത്തി.
സെനഗലിന്റെ യുവതാരം ഷെയ്ഖ് തുറെ (18)യാണ് കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടുപോയവര്‍ താരത്തെ മോചിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ടെങ്കിലും ഇതു നൽകാൻ കുടുംബത്തിന് സാധിക്കാതിരുന്നതോടെ താരത്തെ കൊലപ്പെടുത്തിയെന്നാണ് വിവരം.
പ്രഫഷനൽ ക്ലബ്ബിൽ കളിക്കാമെന്ന മോഹവുമായി ഘാനയിലെത്തിയപ്പോഴാണ് താരത്തെ തട്ടിക്കൊണ്ടുപോയത്. ആഫ്രിക്കന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് മന്ത്രാലയം തുറെയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം ഉടന്‍ തന്നെ സെനഗലിലേക്ക് തിരികെ കൊണ്ടുവരും.
സെനഗലിലെ യെംബെയുളിലെ എസ്പ്രിറ്റ് ഫൂട്ട് അക്കാദമിയുടെ താരമായിരുന്നു തുറെ. എസ്പ്രിറ്റ് ഫുട്ട് അക്കാദമിയുടെ മികച്ച യുവതാരങ്ങളില്‍ ഒരാളായിരുന്നു തുറെ. ഘാനയിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ട്രയല്‍സിനെന്നു പറഞ്ഞ് കബളിപ്പിച്ചാണ് സംഘം യുവതാരത്തെ കുടുക്കിയത്. ക്രിമിനൽ സംഘത്തെ കണ്ടെത്താൻ സെനഗൽ സർക്കാർ, ഘാന പൊലീസുമായി സഹകരിച്ച് അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
ഫീൽഡിലും പുറത്തും കഠിനാധ്വാനിയായ ഗോൾകീപ്പറായാണ് സുഹൃത്തുക്കളും സഹതാരങ്ങളും ഷെയ്ഖ് തുറയെ വിശേഷിപ്പിക്കുന്നത്. പ്രൊഫഷണൽ ഫുട്‌ബോളിൽ മികച്ച ഭാവിയുള്ള താരമായും തുറയെ ക്ലബ് വിലയിരുത്തിയിരുന്നു. വിദേശത്ത് അവസരങ്ങൾ തേടുന്ന യുവ ആഫ്രിക്കൻ കളിക്കാരെ ലക്ഷ്യം വച്ചുള്ള മനുഷ്യക്കടത്തും ആക്രമണങ്ങളിലേക്കുമാണ് കൊലപാതകം വിരല്‍ചൂണ്ടുന്നത്. തുറയുടെ കൊലപാതകം സെനഗലിനെ ഞെട്ടിച്ചിട്ടുണ്ട്.