< Back
Sports
ഒളിംപിക്സ് മത്സരങ്ങള്‍ക്ക് നാളെ തുടക്കംഒളിംപിക്സ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം
Sports

ഒളിംപിക്സ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം

Subin
|
5 Sept 2017 11:15 PM IST

വനിതാ ഫുട്ബോളിലെ ആദ്യ റൌണ്ട് മത്സരങ്ങളാണ് നാളെ തുടങ്ങുന്നത്. സ്വീഡനും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം.

ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ചയാണെങ്കിലും ഒളിംപിക്സ് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. വനിതാ ഫുട്ബോളിലെ ആദ്യ റൌണ്ട് മത്സരങ്ങളാണ് നാളെ തുടങ്ങുന്നത്. സ്വീഡനും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം.

ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്പേ ഒളിംപിക്സ് മൈതാനങ്ങളില്‍ ആരവമുയരുകയാണ്. വനിത- പുരുഷ ഫുട്ബോള്‍ മത്സരങ്ങളാണ് ഒളിംപിക്സ് ദീപം തെളിയുന്നതിന് മുമ്പ് നടക്കുക. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ആദ്യ മത്സരം. അര്‍ധരാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചെയുമായി അഞ്ച് മത്സരങ്ങള്‍ കൂടി നടക്കും.

വ്യാഴാഴ്ച പുരുഷന്മാരുടെ മത്സരം ആരംഭിക്കും. ഇറാഖും ഡെന്‍മാര്‍ക്കും തമ്മിലാണ് ആദ്യം ഏറ്റുമുട്ടുക.ബ്രസീല്‍, അര്‍ജന്‍റീന, പോര്‍ച്ചുഗല്‍ എന്നിവര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഇറങ്ങും. ഇന്ത്യന്‍ സമയം പന്ത്രണ്ടരക്കാണ് ബ്രസീലിന്റെ മത്സരം. ബ്രസീലിന് ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. സൂപ്പര്‍ താരം നെയ്മര്‍ നയിക്കുന്നതാണ് ബ്രസീല്‍ ടീം. രണ്ടരക്കാണ് അര്‍ജന്റീന- പോര്‍ച്ചുഗല്‍ മത്സരം.

ഒളിംപിക്സില്‍ പുരുഷന്‍മാരുടെ ടീമില്‍ ഇരുപത്തി മൂന്ന് വയസിന് താഴെയുള്ളവര്‍ക്കാണ് പങ്കെടുക്കാനാകുക. 23 വയസിന് മുകളിലുള്ള 3 താരങ്ങള്‍ക്കും കളിക്കാം.അത് കൊണ്ട് തന്നെ പ്രമുഖ താരങ്ങള്‍ ഒളിംപിക്സിനുണ്ടാകില്ല. വനിതാ ഫുട്ബോളില്‍ ഈ നിയന്ത്രണങ്ങളില്ല.

Related Tags :
Similar Posts