< Back
Sports
സ്മിത്തിന് ശതകം, ഓസീസ് നില ഭദ്രമാക്കുന്നുസ്മിത്തിന് ശതകം, ഓസീസ് നില ഭദ്രമാക്കുന്നു
Sports

സ്മിത്തിന് ശതകം, ഓസീസ് നില ഭദ്രമാക്കുന്നു

Subin
|
28 Sept 2017 12:59 PM IST

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് രംഗത്തേക്ക് തിരിച്ചെത്തിയ മാക്സ്‍വെല്ലാണ് സ്മിത്തിനൊപ്പം സന്ദര്‍ശകരുടെ കരുത്തായി മാറിയത്

ഇന്ത്യക്കെതിരായ റാഞ്ചി ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ത്രേലിയ തുടക്കത്തിലെ പതര്‍ച്ചക്ക് ശേഷം ആദ്യ ദിനം നില ഭദ്രമാക്കി. നാല് വിക്കറ്റ് നഷ്ടത്തില്‍ 299 എന്ന നിലയിലാണ് ഓസീസ് ആദ്യ ദിനം അവസാനിപ്പിച്ചത്. 117 റണ്‍സുമായി സ്മിത്തും 82 റണ്‍സുമായി മാക്സ്‍വെല്ലുമാണ് ക്രീസില്‍.

പരമ്പരയിലെ രണ്ടാം ശതകം നേടിയ നായകന്‍ സ്റ്റീവന്‍ സ്മിത്താണ് കംഗാരുക്കളുടെ തിരിച്ചുവരവിനുള്ള തിരക്കഥ രചിച്ചത്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ഗ്ലെന്‍ മാക്സ്‍വെല്‍ പ്രതിസന്ധി ഘട്ടത്തില്‍ നായകന് ഉറച്ച പിന്തുണയുമായി മടങ്ങിവരവ് അവിസ്മരണീയമാക്കി. ടെസ്റ്റ് കരിയറിലെ 5000 റണ്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്ന ഏഴാമത്തെ താരമായി മാറിയ സ്മിത്ത് 227 പന്തുകളില്‍ നിന്നാണ് പരമ്പരയിലെ രണ്ടാം സെഞ്ച്വറി കരസ്ഥമാക്കിയത്. ക്ലൈവ് ലോയിഡിനും അലിസ്റ്റര്‍ കുക്കിനും ശേഷം ഒരു ഇന്ത്യന്‍ പര്യടനത്തില്‍ രണ്ട് ശതകം തികയ്ക്കുന്ന മൂന്നാമത്തെ സന്ദര്‍ശക നായകനെന്ന ഖ്യാതിയും സ്മിത്ത് സ്വന്തമാക്കി. അര്‍ധശതകം പിന്നിട്ട മാക്സ്‍വെല്ലുമായി ചേര‍്‌‍ന്ന് അഞ്ചാം വിക്കറ്റില്‍ ഇതിനോടകം 139 റണ്‍ തുന്നിച്ചേര്‍ത്ത സ്മിത്ത് ഇന്ത്യയുടെ കൈപ്പിടിയിലായിരുന്ന മത്സരത്തിലേക്ക് ടീമിനെ തിരികെയെത്തിക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ വാര്‍ണറും റെന്‍ഷായും ചേര്‍ന്ന് 50 റണ്‍സുമായി ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി വളരുന്നതിനിടെ മനോഹരമായ ഒരു റിട്ടേണ്‍ ക്യാച്ചിലൂടെ വാര്‍ണറെന്ന അപകടകാരിയെ ജ‍‍ഡേജ മടക്കി. 44 റണ്‍സെടുത്ത റെന്‍ഷായും അധികം വൈകാതെ മടങ്ങി. രണ്ട് റണ്‍സെടുത്ത മാര്‍ഷിനെ അശ്വിന്‍ മടക്കിയതോടെ കംഗാരു കോട്ടയില്‍ വിള്ളല്‍ വീണു തൂടങ്ങി. ഹാന്‍സ്‍കോമ്പും നായകന്‍ സ്മിത്തും ചേര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടെങ്കിലും 19 റണ്‍സെടുത്ത ഹാന്‍ഡ്‍സ്‍കോമ്പിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നായിരുന്നു സ്മിത്തിന് കൂട്ടായി മാക്സ്‍വെല്‍ ക്രീസിലെത്തിയത്. പിന്നെ കണ്ടത് ഓസീസിന്‍റെ പുകള്‍പെറ്റ പോരാട്ട വീര്യത്തിന്‍റെ സുന്ദരമായ ആവിഷ്കാരമായിരുന്നു,

ഇന്ത്യക്കുവേണ്ടി ഉമേഷ് യാദവ് രണ്ടും അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പേസര്‍ പാറ്റ് കുമ്മിന്‍സ്, ഓള്‍ റൌണ്ടര്‍ മാക്സ്‍വെല്‍ എന്നിവര്‍ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഓസീസ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി.

Similar Posts