< Back
Sports
പാകിസ്നാനെതിരായ ടെസ്റ്റ് പരമ്പര ജയിക്കാന്‍ സഹായിച്ചത് ആഭിചാര ക്രിയയെന്ന് ലങ്കന്‍ നായകന്‍പാകിസ്നാനെതിരായ ടെസ്റ്റ് പരമ്പര ജയിക്കാന്‍ സഹായിച്ചത് ആഭിചാര ക്രിയയെന്ന് ലങ്കന്‍ നായകന്‍
Sports

പാകിസ്നാനെതിരായ ടെസ്റ്റ് പരമ്പര ജയിക്കാന്‍ സഹായിച്ചത് ആഭിചാര ക്രിയയെന്ന് ലങ്കന്‍ നായകന്‍

admin
|
16 May 2018 8:24 PM IST

ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പായി ഒരു മാന്ത്രികന്‍റെ പ്രത്യേക അനുഗ്രഹം ലഭിച്ചതായും ഇതാണ് പരമ്പര സ്വന്തമാക്കാന്‍ സഹായിച്ചതെന്നുമായിരുന്നു ചണ്ടിമാലിന്‍റെ വെളിപ്പെടുത്തല്‍.

പാകിസ്താനെതിരെ നടന്ന ടെസ്റ്റ് പരമ്പര ജയിക്കാന്‍ ശ്രീലങ്കന്‍ ടീമിനെ സഹായിച്ചത് ആഭിചാര ക്രിയയാണെന്ന് നായകന്‍ ദിനേശ് ചണ്ടിമാള്‍. ടെസ്റ്റ് പരമ്പര 2-0ത്തിന് ജയിച്ചെങ്കിലും ഏകദിന പരമ്പരയിലും ( 0-5) ട്വന്‍റി20 പരമ്പരയിലും (0-3) ഒരു ജയം പോലും സ്വന്തമാക്കാന്‍ ശ്രീലങ്കക്ക് കഴിഞ്ഞിരുന്നില്ല. ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പായി ഒരു മാന്ത്രികന്‍റെ പ്രത്യേക അനുഗ്രഹം ലഭിച്ചതായും ഇതാണ് പരമ്പര സ്വന്തമാക്കാന്‍ സഹായിച്ചതെന്നുമായിരുന്നു ചണ്ടിമാലിന്‍റെ വെളിപ്പെടുത്തല്‍.

മാന്ത്രികന്‍റെയോ പൂജാരിയുടെയോ ആരുടെയാണെങ്കിലും അനുഗ്രഹം വാങ്ങാന്‍ താന്‍ എപ്പോഴും ഒരുക്കമാണെന്നും കഴിവുണ്ടായിട്ട് മാത്രം കാര്യമില്ലെന്നും അനുഗ്രഹമില്ലെങ്കില്‍ പ്രയോജനമില്ലാതെ പോകുമെന്നുമാണ് ലങ്കന്‍ നായകന്‍ വ്യക്തമാക്കിയത്. ഒരു സുഹൃത്തിന്‍റെ അമ്മയാണ് താന്‍ സമീപിച്ച മന്ത്രവാദിയെന്ന് ചണ്ടിമാള്‍ അറിയിച്ചിരുന്നു. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയെങ്കിലും ഏകദിന, ട്വന്‍റി20 പരമ്പരകളില്‍ ശ്രീലങ്കന്‍ ടീം പൂര്‍ണ പരാജയമായതോടെ ചണ്ടിമാലിനെയും മാന്ത്രികനെയും കണക്കിന് പരിഹസിച്ച് പല ആരാധകരും രംഗതെത്തി. മാന്ത്രിക വിദ്യ അറിയുന്ന സ്ത്രീ കേവലം ഒരു തട്ടിപ്പുകാരിയാണെന്നും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പുറകെ പോകാതെ കളത്തില്‍ നല്ല പ്രകടനം പുറത്തെടുക്കാനാണ് നായകനും ടീമും ശ്രമിക്കേണ്ടതെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

Similar Posts