< Back
Sports
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; ബയണിനെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; ബയണിനെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം 
Sports

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; ബയണിനെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം 

rishad
|
31 May 2018 7:32 PM IST

ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്.

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ക്ലാസിക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. റയലിനായി രണ്ടുഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ യൂറോപ്യന്‍ മത്സരങ്ങളില്‍ നൂറു ഗോളുകളും തികച്ചു.

ചാംപ്യന്‍സ് ലീഗില്‍ ഫുട്ബോള്‍ പ്രേമികള്‍ ഏറെ കാത്തിരുന്ന മത്സരത്തില്‍ സ്പാനിഷ് കരുത്തര്‍ ആദ്യ പാദം സ്വന്തമാക്കുകയായിരുന്നു. ബയേണ്‍ തട്ടകത്തില്‍ ക്രിസ്റ്റ്യനോയുടെ തോളിലേറിയായിരുന്നു റയലിന്റെ കുതിപ്പ്. ലവന്‍ഡോവ്സ്കിയും മുള്ളറും റിബറിയും ആര്യന്‍ റോബറും അര്‍ദുറോ വിദാലുമുള്‍പ്പെടുന്ന ശക്തമായ നിരയുണ്ടായിട്ടും സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി ഒഴിവാക്കാനായില്ല. 25 ആം മിനുറ്റില്‍ അര്‍ദുറോ വിദാലിലൂടെ ബയേണ്‍ ആദ്യം മുന്നിലെത്തി

എന്നാല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്താനുള്ള അവസരം ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് വിദാല്‍ തന്നെ നഷ്ടമാക്കി. രണ്ടാം പകുതിയില്‍ പക്ഷെ കളിയുടെ നിയന്ത്രണം റയല്‍ ഏറ്റെടുത്തു. നിരന്തര ആക്രമണം നടത്തിക്കൊണ്ടിരുന്ന റയല്‍ 47 ആം മിനുറ്റില്‍ റൊണാള്‍ഡോയിലൂടെ സമനില പിടിച്ചു. ഇതോടെ മത്സരം ആവേശത്തിലായി. എന്നാല്‍ ജാവി വാര്‍ട്ടിന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബയേണ്‍ സമ്മര്‍ദത്തിലായി. ഈ സമയത്തിനടയില്‍ റൊണാള്‍ഡോയിലൂടെ റയല്‍ വീണ്ടും ലക്ഷ്യം കണ്ടു.

യുറോപ്യന്‍ മത്സരങ്ങളില്‍ നൂറു ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും റൊണോയെ തേടിയെത്തി. ഒടുവില്‍ 2-1 ന് റയല്‍ ആദ്യ പാദം സ്വന്തമാക്കി. രണ്ടാം പാദ മത്സരം ഏപ്രില്‍ 19 ബുധനാഴ്ച റയല്‍ തട്ടകമായ സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടക്കും.

Similar Posts