< Back
Sports
മിന്നും സ്മാഷുകളുമായി മോഹന്‍ലാല്‍മിന്നും സ്മാഷുകളുമായി മോഹന്‍ലാല്‍
Sports

മിന്നും സ്മാഷുകളുമായി മോഹന്‍ലാല്‍

Subin
|
3 Jun 2018 12:17 AM IST

ആര്‍മിയോടൊപ്പം കളത്തിലിറങ്ങിയതിന്റെ സന്തോഷം മോഹന്‍ലാല്‍ മറച്ച് വെച്ചില്ല. ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ ആര്‍മിക്കൊപ്പം മോഹന്‍ലാല്‍ പന്തുമായി കളിക്കളത്തിലിറങ്ങുന്നത്.

കൈപ്പന്ത് കളിയില്‍ ചടുലതയാര്‍ന്ന സ്മാഷുകളുമായി കളം നിറഞ്ഞ് നടന്‍ മോഹന്‍ലാല്‍. ലാലിന്റെ നേതൃത്വത്തിലുളള മിന്നുന്ന പ്രകടനത്തിന് മുന്നില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ മുട്ടുകുത്തി. കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളി ലീഗിന്റെ പ്രചരണോദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന മത്സരത്തിലാണ് മോഹന്‍ലാല്‍ കാണികളെ കയ്യിലെടുത്തത്.

ലൊക്കേഷന്‍ പട്ടാളക്യാമ്പാണങ്കിലും ഇത്തവണ മോഹന്‍ലാലും മേജര്‍ രവിയും ഒന്നിച്ചത് പട്ടാള സിനിമയുടെ കഥ പറയാനല്ല. മറിച്ച് പട്ടാളക്കാര്‍ക്കൊപ്പം പന്ത് കളിക്കാനാണ്. കണ്ണൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളി ലീഗിന്റെ പ്രചരണോദ്ഘാടനമായിരുന്നു സീന്‍. 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ കമാന്‍ഡിങ്ങ് ഓഫീസര്‍ കേണല്‍ രാജേഷ് കനോജിയ നയിച്ച ആര്‍മി ടീമില്‍ പട്ടാളക്കാര്‍ക്കൊപ്പം ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലും സംവിധായകന്‍ മേജര്‍ രവിയും ഗ്രൗണ്ടിലിറങ്ങി. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്റെ നേതൃത്വത്തിലുളള പ്രസ് ക്ലബ്ബ് ടീമായിരുന്നു എതിരാളികള്‍. പ്രദര്‍ശന മത്സരമാണങ്കിലും ഇരു ടീമുകളും കളി കാര്യമാക്കിയതോടെ പോരാട്ടം ശക്തമായി. മാസ്മരിക സര്‍വ്വീസസും സര്‍വുകളുമായി മോഹന്‍ലാല്‍ കളം നിറഞ്ഞ് കളിച്ചതോടെ കാണികള്‍ ആവേശത്തിന്റെ കൊടുമുടിയേറി.

ഒടുവില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടീം കളിയില്‍ ജേതാക്കളായി. ആര്‍മിയോടൊപ്പം കളത്തിലിറങ്ങിയതിന്റെ സന്തോഷം മോഹന്‍ലാല്‍ മറച്ച് വെച്ചില്ല. ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ ആര്‍മിക്കൊപ്പം മോഹന്‍ലാല്‍ പന്തുമായി കളിക്കളത്തിലിറങ്ങുന്നത്.

Related Tags :
Similar Posts