സിദാനാണ് റയല്‍ മാഡ്രിഡിന്റെ ഹീറോ സിദാനാണ് റയല്‍ മാഡ്രിഡിന്റെ ഹീറോ
|കിരീടവരള്‍ച്ചയില്‍ വിയര്‍ത്ത ഒരു ടീമിനെയാണ് കഴിഞ്ഞ ജനുവരിയില്‍ സിദാന്‍ ഏറ്റെടുക്കുന്നത്. പിന്നെ ആ കളി സംഘം കാഴ്ച്ചവെച്ചത് അസാമാന്യ കുതിപ്പ്.
റയല്‍ മാഡ്രിഡിന്റെ ഹീറോയിപ്പോള്‍ സിനദിന് സിദാനെന്ന പരിശീലകനാണ്. റയലിനെ കളിച്ച് ഉയരങ്ങളിലെത്തിച്ച സിദാന്‍ ബൂട്ടഴിച്ചതിന് ശേഷം കളിപ്പിച്ചും റയലിനെ ഉയരങ്ങളിലെത്തിക്കുമ്പോള്‍ റയല്‍ മാഡ്രിഡെന്ന ക്ലബ് കണ്ട ഏറ്റവും മികച്ച കോച്ചെന്ന വിശേഷണത്തിലേക്കാണ് സിദാന്‍ നടന്നുകയറുന്നത്.
യുവന്റസ് കരുത്തരാണ്. കഠിനാധ്വാനം ചെയ്യാതെ രക്ഷയില്ല- ഫൈനലിന് മുമ്പ് സിദാന്‍ പറഞ്ഞ വാക്കുകളാണിത്. ബാഴ്‌സലോണയെ മുച്ചൂടും തകര്‍ത്ത് ഫൈനലിലെത്തിയ യുവന്റസിനെതിരെ പടയൊരുക്കുമ്പോള്‍ സിദാന് മുന്നിലെ വെല്ലുവളികള്‍ പലതായിരുന്നു. മെയ്ക്കരുത്തും മെയ്‌വഴക്കവും ഒന്നിച്ച ചെല്ലിനിയും ബൊനൂച്ചിയും ബര്‍സാഗ്ലിയും അണിനിരക്കുന്ന പ്രതിരോധ മതില്‍
അതും കടന്നാല്‍ പിന്നെ ഗോള്‍ ബാറിനെ കീഴിലെ അപ്രതിരോധ്യന്‍ ജിയാന്‍ ലിയൂജി ബഫണ്‍... ഒറ്റനോട്ടത്തില്‍ അസാധ്യമെന്ന വിലയിരുത്തലില്‍ ഫുട്‌ബോള്‍ ലോകം. പക്ഷെ ചതുരംഗക്കളത്തിലെ കരുക്കളെ പോലെ സിദാന്‍ തന്റെ പടയാളികളെ വിന്യസിച്ചു. ക്രിസ്റ്റ്യാനോയെ പോലെയുള്ള ഒരു അതികായന്‍ മുന്നേറ്റ നിരയിലുണ്ടായിട്ടും അയാളെ കേന്ദ്രീകരിച്ച് മാത്രം തന്ത്രങ്ങള്‍ മെനഞ്ഞില്ല.
പലരും പല സമയങ്ങളിലായി മിന്നല്‍പ്പിണരുകളായി. ഇസ്‌കോയും ലൂക്കാ മോഡ്രിച്ചും മധ്യനിരയില്‍ അഴിഞ്ഞാടി. അവര്‍ക്ക് കൂച്ചുവിലങ്ങ് വീണപ്പോഴൊക്കെ ഇരുവശങ്ങളിലൂടെയും മാഴ്‌സലോയും കാര്‍വ്രജാലും പിന്നെ അദൃശ്യനായി കസെമിറോയും കുതിച്ചെത്തി. ആരെപ്പിടിക്കണമെന്ന യുവെന്റസ് പ്രതിരോധത്തിന്റെ ആശയക്കുഴപ്പത്തിനിടെയാണ് രണ്ടാം ഗോള്‍ പിറന്നത്.
സ്വന്തം മണ്ണിലായിരുന്നിട്ട് പോലും ഗരാത് ബെയിലിനെ മുഴുവന്‍ സമയം കളിപ്പിച്ചില്ല സിദാന്‍. കരീം ബെന്‍സേമയാവട്ടെ കളം നിറഞ്ഞ് കളിക്കുകയും ചെയ്തു. രണ്ടാം പകുതി റയല്‍ അടക്കി ഭരിച്ചപ്പോ കളത്തിന് പുറത്ത് കൃത്യമായി വരച്ചുകൊടുക്കുകയായിരുന്നു സിദാന്‍. അവസാനത്തില്‍ എണ്ണം പറഞ്ഞ സബ്സ്റ്റിറ്റിയൂഷനുകള്‍.
എണ്‍പത്തിരണ്ടാം മിനുട്ടില്‍ ഇസ്‌കോക്ക് പകരം അസെന്‍സിയോ വന്നത് ടീമിന്റെ ലീഡ് നാലാക്കാനായിരുന്നു. എല്ലാറ്റിനുമൊടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോ സിനദിന്‍ സിദാനെന്ന ഫ്രഞ്ചുകാരന്‍ ചരിത്രമായി. ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ പരിശീലകന്‍. ലാലിഗയും ചാംപ്യന്‍സ് ട്രോഫിയും ഒരേ സീസണില്‍. കളിച്ചും കളിപ്പിച്ചും ചരിത്രം തീര്‍ത്തവര്‍ക്കിടയില്‍ സിദാന് മുമ്പെ നടക്കാം.
കിരീടവരള്‍ച്ചയില്‍ വിയര്‍ത്ത ഒരു ടീമിനെയാണ് കഴിഞ്ഞ ജനുവരിയില്‍ സിദാന്‍ ഏറ്റെടുക്കുന്നത്. പിന്നെ ആ കളി സംഘം കാഴ്ച്ചവെച്ചത് അസാമാന്യ കുതിപ്പ്. ചെറിയ പോയിന്റുകള്‍ ലാലിഗ കിരീടം നഷ്ടമായെങ്കിലും ചാംപ്യന്‍സ് ലീഗ് കിരീടം പിറകെ ഫിഫ ക്ലബ് ലോകകപ്പ് യുവേഫ സൂപ്പര്‍ കപ്പ് ഈ സീസണില്‍ ബാഴ്‌സയെ നിലംപരിശാക്കി ലാലിഗ കിരീടം. പിന്നാലെ ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം. റയലും ക്ലബ് ഫുട്‌ബോളും കടന്ന് ലോക ഫുട്‌ബോള്‍ കണ്ട ഏറ്റവും പ്രതിഭാധനനായ പരിശീലകനെന്ന ഖ്യാതിയിലേക്കാണ് സിനദിന്‍ സിദാന്‍ നടന്നു കയറുന്നത്.