
കറുത്തവന്റെ കരുത്ത് തെളിയിച്ച ബെര്‍ലിന്‍ ഒളിമ്പിക്സ്
|നാസി ഒളിമ്പിക്സിന് വേണ്ടി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ശ്രമിച്ചെങ്കിലും ചരിത്രത്തില്‍ ജെസി ഓവന്‍സിന്റെ പേരിലാണ് ആ ഒളിമ്പിക്സ് അറിയപ്പെടുന്നത്
വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ച 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്സിന് തുടക്കമായത് ആഗസ്ത് ഒന്നിനായിരുന്നു. നാസി ഒളിമ്പിക്സിന് വേണ്ടി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ശ്രമിച്ചെങ്കിലും ചരിത്രത്തില്‍ ജെസി ഓവന്‍സിന്റെ പേരിലാണ് ആ ഒളിമ്പിക്സ് അറിയപ്പെടുന്നത്.
നാസി മേധാവിത്വത്തിന് കീഴില്‍ ജര്‍മന്‍ ജനത സംതൃപ്തരെന്ന് വരുത്താന്‍ അഡോള്‍ഫ് ഹിറ്റ് ലര്‍ നടത്തിയതായിരുന്നു 1936 ബര്‍ലിന്‍ ഒളിംപിക്സ്. വിശ്വ കായിക മേളക്ക് മേല്‍ ആര്യവര്‍ഗ സിദ്ധാന്തം അടിച്ചേല്‍പ്പിക്കാനുള്ള ഹിറ്റ്‌ലര്‍ ശ്രമിച്ചു. ഒളിമ്പിക്സ് ചിഹ്നങ്ങള്‍ക്കൊപ്പം നാസികളുടെ സ്വാസ്തി ചിഹ്നം ഒളിമ്പിക് വേദിയില്‍ തിളങ്ങി. ആര്യ വംശത്തിന്റെ ശ്രേഷ്ഠത പ്രചരിപ്പിക്കാന്‍ ഹിറ്റ്‌ലര്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. നാസി അധിനിവേശം ജര്‍മനിയില്ലെന്ന് തെളിയിക്കാന്‍ മിനുക്കുപണികള്‍ നടത്തി.
നാസികള്‍ ജയിക്കാന്‍ വേണ്ടിയുള്ളതാണെന്ന ഹിറ്റ്‌ലറുടെ വാദത്തിനുള്ള പ്രഹരമായിരുന്നു ജെസി ഓവന്‍സ്. അഥവാ ജയിംസ് ക്ലീവ്‌ലാന്‍ഡ് ഓവന്‍സ് എന്ന അമേരിക്കയില്‍ നിന്നെത്തിയ കറുത്ത വംശജന്‍. നൂറ് മീറ്ററില്‍ റെക്കോഡോടെ ജെസി ഓവന്‍സ് ജേതാവായി. എല്ലാ മത്സരങ്ങളിലും ജയിച്ചവരെ അനുമോദിക്കാന്‍ വന്നിരുന്ന ഹിറ്റ്‌ലര്‍. കറുത്തവനായ ഓവന്‍സിനെ അനുമോദിക്കാന്‍ നില്‍ക്കാതെ അരിശം പൂണ്ട് സ്റ്റേഡിയം വിട്ടു. ഓവന്‍സ് പിന്നെയും സ്വര്‍ണങ്ങള്‍ നേടി. ഒന്നല്ല, നാലെണ്ണം.. നൂറ് മീറ്റര്‍, 200 മീറ്റര്‍,ലോങ് ജന്പ്, 4ഗുണം നൂറ് മീറ്റര്‍ റിലേ എന്നിവയിലായിലുന്നു സ്വര്‍ണനേട്ടം. ഒരു തവണയും ഹിറ്റ്ലര്‍ ആ വിജയിയെ തേടി എത്തിയില്ല. ജെസി ഓവന്‍സ് മാത്രമല്ല.. അമേരിക്കക്കായി സ്വര്‍ണം നേടിയ മറ്റ് കറുത്ത വംശജരും ഹിറ്റ്ലറിന് അനഭിമതരായി.
നാസി ഭീകരതക്ക് മേല്‍ മനുഷ്യന്റെ ജയമായിരുന്നു ആ മെഡലുകള്‍. 33 സ്വര്‍ണമടക്കം 89 മെഡലുകള്‍ സ്വന്തമാക്കി ജര്‍മനി ഒന്നാമതെത്തിയെങ്കിലും ആ മഹാമേള ഇപ്പോഴും ഓര്‍ക്കപ്പെടുന്നത് ജെസി ഓവന്‍സിന്റെ പേരിലാണ്.