
ധവാന്‍(92) തിളങ്ങി, അവസാന പന്തില്‍ ഇന്ത്യക്ക് ജയം
|അന്തിമ ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ വിന്‍ഡീസ് ബൗളര്‍മാരാണ് അവസാന പന്തുവരെ കളിയുടെ രസച്ചരട് നീട്ടിയത്.
അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ആവേശ ജയം. ഈ ജയത്തോടെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര 3-0ത്തിന് തൂത്തുവാരി. ധവാന്റേയും(62 പന്തില്‍ 92) പന്തിന്റേയും(38 പന്തില്‍ 58) ബാറ്റിംങാണ് ഇന്ത്യക്ക് തുണയായത്.
വെസ്റ്റ് ഇന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചത് നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നെങ്കില്‍ ഇന്ത്യയെ കളിജയിപ്പിച്ചത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. രോഹിത് ശര്‍മ്മയും(4) കെ.എല്‍ രാഹുലും(17) പെട്ടെന്ന് പുറത്തായെങ്കിലും ധവാനും പന്തും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. ജയം ഏഴ് റണ്‍സ് മാത്രം അകലെ നില്‍ക്കെ അനാവശ്യ സ്‌കൂപ്പ് ഷോട്ടിന് മുതിര്‍ന്ന പന്തിന്റെ(58) വിക്കറ്റ് തെറിച്ചു. ആദ്യ അന്താരാഷ്ട്ര ട്വന്റി 20 അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയാണ് പന്ത് മടങ്ങിയത്.
അന്തിമ ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ വിന്‍ഡീസ് ബൗളര്‍മാരാണ് അവസാന പന്തുവരെ കളിയുടെ രസച്ചരട് നീട്ടിയത്. 12 പന്തില്‍ ജയിക്കാന്‍ എട്ട് റണ്‍സ് മാത്രമാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ പന്തിനെ പോള്‍ പുറത്താക്കിയതോടെ സമ്മര്‍ദ്ദമേറി. പോളിന്റെ പത്തൊമ്പതാം ഓവറില്‍ പിറന്നത് ആകെ മൂന്നു റണ്‍സ്. അതോടെ അവസാന ഓവറില്‍ വേണ്ടത് അഞ്ച് റണ്‍. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ജയിപ്പിക്കാനുള്ള ശ്രമത്തിനിടെ ധവാന്‍(92 10*4, 2*6) മിഡ് ഓഫില്‍ പൊള്ളാര്‍ഡിന് ക്യാച്ച് നല്‍കിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ സമ്മര്‍ദ്ദം വര്‍ധിച്ചു. അവസാന പന്തില്‍ ബൗളര്‍ അലന്റെ മിസ് ഫീല്‍ഡ് കൂടി തുണച്ചതോടെ ഇന്ത്യ ഒരു റണ്ണും ജയവും സ്വന്തമാക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് ബ്രാവോയുടേയും(37 പന്തില്‍ 43*) പുരന്റെയും(25 പന്തില്‍ 53*) സഹായത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ക്രീസിലിറങ്ങിയ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരെല്ലാം നന്നായി തുടങ്ങിയെങ്കിലും ഡാരെന്‍ ബ്രാവോക്കും നിക്കോളസ് പുരനും മാത്രമേ മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്താനായുള്ളു. അതില്‍ 25 പന്തില്‍ 53 റണ്ണടിച്ച പുരനായിരുന്നു കൂടുതല്‍ ആക്രമണകാരി. നാല് വീതം ഫോറും സിക്‌സറും പുരന്‍ കണ്ടെത്തിയപ്പോള്‍ രണ്ട് വീതം ഫോറും സിക്‌സറും പറത്തിയാണ് ബ്രാവോ 37 പന്തില്‍ 43 റണ്ണടിച്ചത്. പിരിയാത്ത നാലാം വിക്കറ്റില്‍ 87 റണ്‍സാണ് പുരനും ബ്രാവോയും അടിച്ചുകൂട്ടിയത്.
ബൗളര്‍മാരില്‍ ചാഹല്‍ രണ്ട് വിക്കറ്റും വാഷിംങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി. 4 ഓവറില്‍ 28 റണ്‍ വിട്ടുകൊടുത്ത ചാഹലിനായിരുന്നു ഏറ്റവും കുറവ് തല്ല് കിട്ടിയത്. മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ കണക്കിന് തല്ലുവാങ്ങുകയും ചെയ്തതോടെയാണ് വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 3ന് 181ലെത്തിയത്.