< Back
Sports
പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍;വിജയം 7 വിക്കറ്റിന് 
Sports

പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍;വിജയം 7 വിക്കറ്റിന് 

Web Desk
|
12 Nov 2018 6:38 AM IST

ഇന്ത്യന്‍ ഓപ്പണര്‍ മിതാലി രാജാണ് കളിയിലെ താരം. ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ തോൽപിച്ചിരുന്നു. 

വനിത ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം. പാകിസ്താനെ 7 വിക്കറ്റിനാണ് തോൽപ്പിച്ചത്. ഇന്ത്യന്‍ ഓപ്പണര്‍ മിതാലി രാജാണ് കളിയിലെ താരം. ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ തോൽപിച്ചിരുന്നു.

ടോസ് നേടി ഫീല്‍ഡീംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൌറിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൌളര്‍മാരുടെ പ്രകടനം. നേരിട്ട ആറാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ പാകിസ്ഥാന്‍ സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് പോലുമുണ്ടായിരുന്നില്ല. മുന്‍ നിര പതറിയ മത്സരത്തില്‍ മധ്യനിര താരങ്ങളാണ് പാകിസ്ഥാന് കരുത്തായത്. ബിസ്മാ മഅറൂഫ് 53 ഉം, നിദ ദര്‍ 52 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ദയാലന്‍ ഹേമലത, പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഏഴ് വിക്കറ്റിന് 133 റണ്‍സെന്ന നിലയില്‍ മത്സരം അവസാനിപ്പിച്ച പാകിസ്താനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ മിതാലി രാജ് 56 ഉം, സ്മൃതി മന്ദാന 26 ഉം റണ്‍സെടുത്തു.

ഒരു ഓവര്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനെ തോല്‍പ്പിച്ച ഇന്ത്യയുടെ അടുത്ത മത്സരം ഈ മാസം 15 ന് അയര്‍ലാന്‍റിനെതിരായാണ്.

Similar Posts