< Back
Sports
4 consecutive sixes,Australia,ky show, suryakumar yadav,beast mode

സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ് വെടിക്കെട്ട്

Sports

ആകാശം മുട്ടെ 'സ്കൈ'; ഗ്രീനിനെ ഒരോവറില്‍ തൂക്കിയത് നാല് സിക്സര്‍; 37 ബോളില്‍ പുറത്താകാതെ 72 റണ്‍സ്

Web Desk
|
24 Sept 2023 6:54 PM IST

44 -ാം ഓവറിലാണ് സൂര്യകുമാറിന്‍ററെ വിശ്വരൂപം ഓസീസ് കണ്ടത്. കാമറൂൺ ഗ്രീൻ എറിഞ്ഞ ഓവറിൽ തുടർച്ചയായി നാല് സിക്സറുകളാണ് 'സ്കൈ' അടിച്ചെടുത്തത്.

കഴിഞ്ഞ ഏകദിനത്തിന് തൊട്ടുമുമ്പ് വരെ ഏകദിനത്തിന് പറ്റിയ താരമല്ലെന്ന വിമര്‍ശനം തുടര്‍ച്ചയായി ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഏകദിനത്തിലെ താരത്തിന്‍റെ ബാറ്റിങ് സ്റ്റാറ്റസ് തന്നെയായിരുന്നു വിമര്‍ശകരുടെ ആയുധം. എന്നാല്‍ ഓസീസിനെതിരായ പഞ്ചാബില്‍ നടന്ന ആദ്യ ഏകദിനത്തോടെ സൂര്യകുമാറിന്‍റെ ഉള്ളിലെ പക്വതയുള്ള ഏകദിന ബാറ്ററെ ലോകം കണ്ടു. അന്ന് സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശിയ സൂര്യ 49 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയാണ് വിമര്‍ശകര്‍ക്കുള്ള മറുപടി കൊടുത്തത്.

എന്നാല്‍ ഇന്ന് കണ്ടതാകട്ടെ അവസാന ഓവറുകളില്‍ ടി20 ശൈലിയില്‍ ബാറ്റുവീശുന്ന ഒരു ടിപ്പിക്കല്‍ ഏകദിന ഫിനിഷറെയാണ്. സൂര്യയെ എന്തുകൊണ്ട് വീണ്ടും വീണ്ടും അവസരം കൊടുത്ത് ടീമില്‍ നിലനിര്‍ത്തുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരം കൂടിയായിരുന്നു അത്. കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും നിരന്തരം നേരിടേണ്ടിവന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി ഈ രണ്ട് മത്സരങ്ങളില്‍ നിന്ന് സൂര്യകുമാര്‍ തന്നെ ബാറ്റുകൊണ്ട് പറഞ്ഞു.

ഗില്ലും അയ്യരും തുടങ്ങിവെച്ച ബാറ്റിങ് വെടിക്കെട്ട് അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവ് ഏറ്റെടുത്തതോടെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെന്ന കൂറ്റന്‍ സ്കോറാണ ്ഇന്‍ഡോറില്‍ ഉയര്‍ത്തിയത്. ഓസീസിനെതിരായ ആദ്യ ഏകദിനത്തിലേതിന് വിപരീതമായി അതിവേഗമാണ് സൂര്യ ഇന്ന് ബാറ്റ് വീശിയത്. തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ച്വറിയും ഇതിനിടെ സൂര്യകുമാര്‍ കണ്ടെത്തി.

കഴിഞ്ഞ മത്സരത്തില്‍ 49 പന്തില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയ സൂര്യ ഇത്തവണ 24 പന്തിലാണ് ഫിഫ്റ്റിയടിച്ചത്. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ ഇന്ത്യന്‍ സ്കോര്‍ 400 കടത്തുമെന്ന് കരുതിയെങ്കിലും ഒരു റണ്‍സ് പിന്നിലായിപ്പോയി. 37 പന്തില്‍ ആറ് സിക്സറും ആറ് ബൌണ്ടറിയുമുള്‍പ്പെടെ 72 റണ്‍സാണ് താരം അടിച്ചെടുത്തത്.

മത്സരത്തിൽ ഇഷാൻ കിഷന്‍റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായ ശേഷമായിരുന്നു സൂര്യ ക്രീസിൽ എത്തിയത്. ആദ്യ പന്തുകളിൽ കൃത്യമായി റൺസ് കണ്ടെത്താൻ വിഷമിച്ച സൂര്യകുമാർ പിന്നീട് താളം കണ്ടെത്തിയതോടെ ഓസീസ് ബൌളര്‍മാര്‍ വിയര്‍ത്തു. ക്രീസിലെത്തിയ ശേഷം ആദ്യ 10 ബോളുകളിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയാതിരുന്ന സൂര്യ പിന്നീട് ടോപ് ഗിയറില്‍ അടി തുടങ്ങുകയായിരുന്നു.

44 -ാം ഓവറിലാണ് 'സ്കൈ'യുടെ വിശ്വരൂപം ഓസീസ് കണ്ടത്. കാമറൂൺ ഗ്രീൻ എറിഞ്ഞ ഓവറിൽ തുടർച്ചയായി നാല് സിക്സറുകളാണ് സൂര്യകുമാർ അടിച്ചെടുത്തത്. പണ്ട് ടി20യില്‍ കണ്ട് ശീലിച്ച സൂര്യകുമാറിന്‍റെ തിരിച്ചുവരവ് തന്നെയായിരുന്നു ഇന്‍ഡോറില്‍ കണ്ടത്. പിന്നീട് ബോളിങ് എന്‍ഡിലെത്തിയ എല്ലാവരെയും സൂര്യകുമാർ നന്നായി കൈകാര്യം ചെയ്തു. സ്കൂപ്പും ഫ്ലിക്കും സ്വീപ്പ് ഷോട്ടുകളും എല്ലാമായി അവസാന ഓവറുകളില്‍ സൂര്യ ഒറ്റക്ക് കളംനിറഞ്ഞു.

പന്തെറിഞ്ഞ് വശംകെട്ട ഓസീസ് ബൌളര്‍മാരില്‍ കാമറൂണ്‍ ഗ്രീനിനാണ് ഏറ്റവുമധികം തല്ല് കിട്ടിയത്. 10 ഓവറില്‍ 103 റണ്‍സ് വഴങ്ങിയ ഗ്രീനിന് രണ്ട് വിക്കറ്റ് മാത്രമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

Similar Posts