< Back
Sports
ഇന്ത്യൻ വംശജരായ വിദേശികളെ ടീമിൽ കളിപ്പിക്കാനുള്ള നയം രൂപീകരിക്കും: കല്യാണ ചൗബേ
Sports

ഇന്ത്യൻ വംശജരായ വിദേശികളെ ടീമിൽ കളിപ്പിക്കാനുള്ള നയം രൂപീകരിക്കും: കല്യാണ ചൗബേ

Web Desk
|
21 March 2025 3:10 PM IST

അടുത്തിടെ ഇംഗ്ലണ്ടിലെ സെക്കന്റ് ഡിവിഷൻ ടീമായ ഷെഫീൽഡ് യുണൈറ്റഡ് താരം ഹംസ ചൗധരി ബംഗ്ലാദേശിനായി ബൂട്ടണിയാനെത്തിയത് വലിയ വാർത്തയായിരുന്നു.

ഇന്ത്യൻ വംശജരായ വിദേശ ഫുട്‌ബോൾ താരങ്ങളെ ടീമിൽ കളിപ്പിക്കാനുള്ള പുതിയ നയം രൂപീകരിക്കുമെന്ന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ. നിലവിൽ ഓവർസീസ് സിറ്റിസൺസിന് ഇന്ത്യൻ ടീമിൽ കളിക്കാനാവില്ല. ഈ നിയമത്തിലാണ് ഫെഡറേഷൻ മാറ്റം കൊണ്ടുവരാനൊരുങ്ങുന്നത്.

അടുത്തിടെ ഇംഗ്ലണ്ടിലെ സെക്കന്റ് ഡിവിഷൻ ടീമായ ഷെഫീൽഡ് യുണൈറ്റഡ് താരം ഹംസ ചൗധരി ബംഗ്ലാദേശിനായി ബൂട്ടണിയാനെത്തിയത് വലിയ വാർത്തയായിരുന്നു. മാർച്ച് 25 ന് ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ ചൗധരി കളിക്കാനിറങ്ങുന്നുണ്ട്.

''ഓവർസീസ് ഇന്ത്യൻ സിറ്റിസൺസായ കളിക്കാരുടെ പ്രതിഭ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഞങ്ങൾ. അതിനായി നിലവിലെ നയത്തിൽ മാറ്റം കൊണ്ട് വരും. പല രാജ്യങ്ങളും നേരത്തേ തന്നെ ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യൻ ഫുട്‌ബോളിൽ ഇത് ഉറപ്പായും ഒരു ഗെയിം ചേഞ്ചറാവും''- ചൗബേ പറഞ്ഞു.

സുനിൽ ഛേത്രിയെ പോലുള്ള താരങ്ങളെ അമിതമായി ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ നമുക്കിതു വരെ കഴിഞ്ഞിട്ടില്ലെന്നും ചൗബേ കൂട്ടിച്ചേര്‍ത്തു. തന്‍റെ തിരിച്ചുവരവിൽ ഗംഭീര പ്രകടനം പുറത്തെടുത്ത ഛേത്രിയെ പുകഴ്ത്താനും ചൗബേ മറന്നില്ല.

'സുനിൽ ഛേത്രി ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായൊരു കളിക്കാരനാണ്. ഇന്ത്യൻ ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും പ്രതിബദ്ധതയും ഭാവി തലമുറകൾക്ക് പ്രചോദനമാവും. അദ്ദേഹം ടീമിനായി നേടിത്തന്ന എല്ലാ നേട്ടങ്ങളിലും ഞങ്ങള്‍ അഭിമാനിക്കുന്നു'- ചൗബേ പറഞ്ഞു


Related Tags :
Similar Posts