< Back
Sports
പത്തു പേരും പൂജ്യത്തിന് പുറത്ത്; ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ നാണക്കേടും പേറി ഒരു ടീം
Sports

പത്തു പേരും പൂജ്യത്തിന് പുറത്ത്; ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ നാണക്കേടും പേറി ഒരു ടീം

Sports Desk
|
22 Jun 2021 7:52 PM IST

8.3 ഓവര്‍ ബാറ്റ് ചെയ്തെങ്കിലും എക്സ്ട്രയിലൂടെ ലഭിച്ച രണ്ടു റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്

എതിർ ടീം മുന്നോട്ട് വച്ച 261 റൺസ് എന്ന സ്‌കോറിലേക്ക് ബാറ്റ് വീശുന്നതിനിടെ ടീമിലെ പത്തുപേരും പൂജ്യത്തിന് പുറത്താകുന്നു. എക്‌സ്ട്രായിലൂടെ കിട്ടിയ രണ്ടു റണ്ണിന്‍റെ ബലത്തിൽ 258 റൺസിന്‍റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഒരു ടീമുണ്ട്-അങ്ങ് ഇംഗ്ലണ്ടിൽ. ഇംഗ്ലീഷ് കൗണ്ടി ക്ലബായ ബക്ക്ഡൺ ക്രിക്കറ്റ് ക്ലബാണ് പ്രഫഷണൽ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ നാണക്കേടിന്റെ റെക്കോർഡ് നേടിയത്. ഫോർത്ത് ഡിവിഷൻ ഹണ്ടിങ്‌ഡോൺഷെയർ കൗണ്ടി ക്രിക്കറ്റ് ലീഗിനിടെയാണ് സംഭവം.

ടോസ് നേടിയ ബക്ക്ഡൺ ക്രിക്കറ്റ് ക്ലബ് ആദ്യം ഫാൽക്കൺ ഇലവനെ ബാറ്റ് ചെയ്യാൻ വിട്ടു. 40 ഓവറിൽ ഫഹീം സാബിർ ഭട്ടി (65) മുരാദ് അലി (67 ) എന്നിവരുടെ ബലത്തിൽ 261 റൺസ് എന്ന വിജയ ലക്ഷ്യം ബക്ക്ഡൺ ക്രിക്കറ്റ് ക്ലബിന് മുന്നിൽ വച്ചു.

പിന്നെ ക്രേംബ്രിഡ്ജിലെ സ്വാട്രി ഗ്രൗണ്ടിൽ കണ്ടത് ഒരു ദുരന്ത നാടകമായിരുന്നു. 8.3 ഓവർ ബക്ക്ഡൺ ക്രിക്കറ്റ് ക്ലബ് ബാറ്റ് ചെയ്തു. എന്നാൽ ബാറ്റുമെടുത്ത് ക്രീസിലിറങ്ങിയ ഒരാൾക്കും അക്കൗണ്ട് തുറക്കാനായില്ല. എല്ലാവരും സംപൂജ്യരായി മടങ്ങി. ഇടയ്ക്ക് എതിർ ടീമിന്റെ കാരുണ്യത്തിൽ കിട്ടിയ രണ്ട് എക്‌സ്ട്രകളിലൂടെ നേടിയ റൺസ് മാത്രമാണ് അവരുടെ സമ്പാദ്യം. അതോടെ 258 റൺസിന്റെ ദയനീയ തോൽവി അവർ ഏറ്റുവാങ്ങി.

നാല് ഓവറിൽ ആറ് വിക്കറ്റ് നേടിയ അമൻദീപ് സിങാണ് ബക്ക്ഡൺ ക്രിക്കറ്റ് ക്ലബ് ഏറ്റുവാങ്ങിയ നാണക്കേടിൽ ഏറ്റവും വലിയ പങ്കുവഹിച്ചത്.

മത്സരത്തിനു ശേഷം ബക്ക്ഡൺ ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റൻ ജോയൽ ക്രിസ്ച്ചനർ ബിബിസി സ്‌പോർടിസിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്- ഞങ്ങളുടെ പ്രധാനപ്പെട്ട 15 താരങ്ങൾ പരിക്ക് മൂലവും മറ്റു പല കാരണങ്ങളാലും ഈ മത്സരത്തിന് ലഭ്യമായിരുന്നില്ല. അതുകൊണ്ടു തന്നെ രണ്ടാം നിര ടീമിനെ ഉപയോഗിച്ചാണ് ഞങ്ങൾ ഗ്രൗണ്ടിലിറങ്ങിയത്. ഞങ്ങൾ യഥാർഥത്തിൽ അത്ര മോശം ടീമൊന്നുമല്ല- ഇതിനു മുമ്പ് ഇതേ ഫാൽക്കൺ ഇലവനോട് ഞങ്ങൾ തോറ്റത് 9 റൺസിന് മാത്രമാണ്.- ജോയൽ പറഞ്ഞു.

സ്കോര്‍ ബോര്‍ഡ്





Related Tags :
Similar Posts