< Back
Sports
അര്‍മാദം അല്‍മാഡ; അര്‍ജന്‍റീന ലോകകപ്പ് യോഗ്യതക്ക് തൊട്ടരികെ
Sports

അര്‍മാദം അല്‍മാഡ; അര്‍ജന്‍റീന ലോകകപ്പ് യോഗ്യതക്ക് തൊട്ടരികെ

Web Desk
|
22 March 2025 9:18 AM IST

യുറുഗ്വെയെ വീഴ്ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്

മൊന്‍റവീഡിയോ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയുടെ വിജയക്കുതിപ്പ് തുടരുന്നു. കരുത്തരായ യുറുഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വീഴ്ത്തിയത്. രണ്ടാം പകുതിയില്‍ യുവതാരം തിയാഗോ അൽമാഡയാണ് വലകുലുക്കിയത്. ജയത്തോടെ ഡിയഗോ സിമിയോണിയും സംഘവും ലോകകപ്പ് യോഗ്യതക്ക് തൊട്ടരികിലെത്തി.

സെന്റനാരിയോ സ്‌റ്റേഡിയത്തിൽ സൂപ്പർ താരം ലയണൽ മെസിയും ലൗത്താരോ മാർട്ടിനസും ഇല്ലാതെയാണ് അർജന്റീന കളത്തിലിറങ്ങിയത്. ഹൂലിയൻ അൽവാരസ്, തിയാഗോ അൽമാഡ, എൻസോ ഫെർണാണ്ടസ്, ജൂലിയാനോ സിമിയോണി എന്നിവർ മുന്നേറ്റ നിരയിൽ ഇടംപിടിച്ചു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 68ാം മിനിറ്റിലാണ് അൽമാഡ ബ്രില്ല്യൻസ് പിറന്നത്. ഇടതുവിങ്ങിൽ ഹൂലിയൻ അൽവാരസിന്റെ കാലിൽ നിന്ന് പന്ത് പിടിച്ചെടുത്ത അൽമാഡ ബോക്‌സിന്റെ കോർണറിൽ നിന്ന് വെടിയുതിർത്തു. പന്ത് യുറുഗ്വൻ ഗോൾകീപ്പറെയും മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിൽ ചുംബിച്ചു. മത്സരത്തിന്റെ 95ാം മിനിറ്റിൽ നഹിതാൻ നാന്റെസിനെ ചവിട്ടി വീഴ്ത്തിയതിന് നികോളസ് ഗോൺസാലസ് ഡയറക്ട് റെഡ് കാർഡ് കണ്ട് പുറത്തേക്ക്. പക്ഷെ അപ്പോഴേക്കും അർജന്റീന യുറുഗ്വയുടെ കയ്യിൽ നിന്ന് വിജയം തട്ടിപ്പറിച്ച് കഴിഞ്ഞിരുന്നു.

13 മത്സരങ്ങൾ പൂർത്തിയാവുമ്പോൾ 28 പോയിന്റുമായി അർജന്റീന തന്നെയാണ് പോയിന്റ് പട്ടികയിൽ തലപ്പത്ത്. ചൊവ്വാഴ്ച ബ്രസീലുമായാണ് അർജന്റീനയുടെ അടുത്ത പോരാട്ടം. ക്ലാസിക് പോരില്‍ ഒരു സമനില പിടിച്ചാൽ തന്നെ അർജന്റീന ലോകകപ്പ് യോഗ്യതയുറപ്പിക്കും.

Related Tags :
Similar Posts