< Back
Sports
ചെകുത്താന്മാരുടെ നെഞ്ചുപിളര്‍ന്ന് ഗണ്ണേഴ്സ്; ലിവര്‍പൂളിന് സമനിലക്കുരുക്ക്
Sports

ചെകുത്താന്മാരുടെ നെഞ്ചുപിളര്‍ന്ന് ഗണ്ണേഴ്സ്; ലിവര്‍പൂളിന് സമനിലക്കുരുക്ക്

Web Desk
|
5 Dec 2024 9:15 AM IST

സിറ്റിക്കും ചെല്‍സിക്കും ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ആഴ്‌സണൽ. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗണ്ണേഴ്‌സിന്റെ വിജയം. ജൂറിൻ ടിംബറും വില്യം സാലിബയുമാണ് പീരങ്കിപ്പടക്കായി വലകുലുക്കിയത്.

ഗോൾരഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളിയിലെ രണ്ട് ഗോളുകളും പിറന്നത്. രണ്ടിനും വഴിയൊരുക്കിയത് കോർണർ കിക്കുകൾ. 54ാം മിനിറ്റിൽ ലഭിച്ച കോർണറിന് തലവച്ച് ടിംബർ മത്സരത്തിൽ ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചു. 73ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് പെനാൽട്ടി ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ സാലിബയുടെ ദേഹത്ത് തട്ടി വലയിലേക്ക്.

അതേ സമയം ന്യൂകാസിൽ യുണൈറ്റഡ് ടേബിൾ ടോപ്പേഴ്‌സായ ലിവർപൂളിനെ സമനിലയിൽ തളച്ചു. കളിയില്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതമടിച്ച് പിരിയുകയായിരുന്നു. ലിവർപൂളിനായി മുഹമ്മദ് സലാഹ് ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ കർട്ടിസ് ജോൺസും വലകുലുക്കി. ഫാബിയാൻ ഷാർ, അലക്‌സാണ്ടർ ഇസാഖ്, ആന്റണി ജോർഡൻ എന്നിവരാണ് ന്യൂകാസിൽ സ്‌കോറർമാർ. 90 ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഫാബിയാന്‍ ഷാറാണ് ലിവര്‍പൂളിന്‍റെ കയ്യില്‍ നിന്ന് വിജയം തട്ടിയകറ്റിയത്.

മറ്റു മത്സരങ്ങളിൽ ചെൽസി സതാംപ്ടണെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തപ്പോൾ നോട്ടിങ്ഹാം ഫോറസ്റ്റിനെ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി. അക്‌സൽ ഡിസാസി, ക്രിസ്റ്റഫർ എൻകുൻകു, നോനി മദുവേക, കോൾ പാമർ, ജേഡൻ സാഞ്ചോ എന്നിവരാണ് നീലപ്പടക്കായി വലകുലുക്കിയത്. ബെർണാഡോ സിൽവ, കെവിൻ ഡിബ്രൂയിനെ, ജെറമി ഡോക്കു എന്നിവരാണ് സിറ്റിയുടെ സ്‌കോറർമാർ.

Similar Posts