< Back
Sports
belal muhammad

belal muhammad

Sports

ചരിത്രമെഴുതി ബിലാല്‍; യു.എഫ്.സിയില്‍ ഫലസ്തീനിയന്‍ വീരഗാഥ

Web Desk
|
29 July 2024 2:55 PM IST

2015 ന് ശേഷം ഇതാദ്യമായാണൊരാൾ ലിയോൺ എഡ്വേർഡ്‌സിനെ ഇടിക്കൂട്ടിൽ പരാജയപ്പെടുത്തുന്നത്

'ഈ വിജയം ഞാൻ ഫലസ്തീനിലെ മനുഷ്യർക്ക് സമർപ്പിക്കുന്നു. അവരാണല്ലോ യഥാർത്ഥ പോരാളികൾ'- ഇടിക്കൂട്ടിൽ ലിയോൺ എഡ്വേർഡ്‌സ് ചോര തുപ്പുമ്പോൾ ബിലാൽ മുഹമ്മദ് എന്ന ആ 36 കാരൻ ആകാശത്തേക്ക് കയ്യുയർത്തി. മാഞ്ചസ്റ്റർ നഗരത്തിൽ അപ്പോൾ ഒരു ഇതിഹാസം പിറക്കുകയായിരുന്നു. യു.എഫ്.സി യുടെ ചരിത്രത്തിലാദ്യമായി ഒരു ഫലസ്തീനിയൻ വംശജന്റെ കിരീടധാരണം. അഞ്ച് റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലിയോൺ എഡ്വേർഡ്‌സിനെ നിലംപരിശാക്കി ബിലാൽ വീരേതിഹാസം രചിച്ചത്. 2019 മുതൽ തോൽവി എന്തെന്നറിഞ്ഞിട്ടില്ലാത്ത ബിലാലിന്റെ തുടർച്ചയായ 12ാം വിജയം. 2015 ന് ശേഷം ഇതാദ്യമായാണൊരാൾ ലിയോൺ എഡ്വേർഡ്‌സിനെ ഇടിക്കൂട്ടിൽ പരാജയപ്പെടുത്തുന്നത്.

വിജയത്തിന് ശേഷം ബിലാൽ ഫലസ്തീൻ പതാക നെഞ്ചോട് ചേർത്തു പിടിച്ചു. അയാളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അയാൾ മൈക്ക് കയ്യിലെടുത്തു.

'ഫലസ്തീനിലെ മനുഷ്യരേ നിങ്ങൾക്കല്ലാതെ ഞാനാർക്കാണീ വിജയം സമ്മാനിക്കുക. ഇവിടെ കൂടിയിരിക്കുന്ന പലരുടേയും കണ്ണുകൾ നിറയുന്നത് എനിക്കിപ്പോൾ കാണാനാവുന്നുണ്ട്. അത് മാത്രം മതിയെനിക്ക്. ഈ പതാക ഇങ്ങനെ ചേർത്തു പിടിക്കാൻ അധികം ഫലസ്തീനിയൻ അത്‌ലറ്റുകൾക്ക് അവസരം ലഭിക്കാറില്ല. അതിനാൽ ഇതെനിക്ക് അഭിമാന നിമിഷമാണ്. ഈ കൊടിയടയാളം ഞാൻ എല്ലാത്തിനും മുകളിൽ ഉയർത്തിപ്പിടിക്കും. എന്റെ രാജ്യം നിലനിൽക്കുന്നുണ്ടെന്നും അവിടെ കുറേ മനുഷ്യരുണ്ടെന്നും ലോകത്തെ കാണിക്കണമെനിക്ക്. ബിലാൽ വൈകാരികമായാണ് ഇത് പറഞ്ഞവസാനിപ്പിച്ചത്

'ഖുദ്സിന്റെ മണ്ണ് എന്നെ വിളിച്ച് കൊണ്ടിരിക്കുന്നു. എൻറെ ഉമ്മയുടെ ശബ്ദം എന്നെത്തേടിയെത്തുന്നു. പിയപ്പെട്ട മാതൃ രാജ്യമേ ഞാൻ നിനക്കൊപ്പം നിലയുറപ്പിക്കുന്നു. എന്‍റെ രക്തം ഫലസ്തീനി രക്തമാണ്''. ബിലാലിന്റെ വിജയത്തിന് ശേഷം കോ.ഓപ് ലൈവിൽ മുഴങ്ങിക്കേട്ടത് ഫലസ്തീനിയൻ ഗായകൻ മുഹമ്മദ് അസ്സാഫിന്റെ വിശ്വപ്രസിദ്ധമായ 'അന ദമ്മി ഫലസ്തീനി' എന്ന ഗാനമാണ്. വർഷങ്ങളായി യു.എഫ്.സി വേദികളിൽ ബിലാലിന്‍റെ വാക്ക് ഔട്ട് ഗാനം ഇതാണ്. ചോര പൊടിഞ്ഞ മുഖവുമായി ഇടിക്കൂട്ടിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ 'ഇനി എന്‍റെ കാര്യത്തിൽ നിങ്ങൾക്ക് സംശയമുണ്ടോ' എന്നയാൾ ആരാധകരോട് ആവേശത്തോടെ ചോദിക്കുന്നുണ്ടായിരുന്നു.

1988 ജൂലൈ 9 ന് അമേരിക്കയിലെ ചിക്കാഗോയിലാണ് ബിലാലിന്റെ ജനനം. ബിലാലിന്റെ മാതാവും പിതാവും ഫലസ്തീൻ വംശജരാണ്. 2016 ലാണ് താരം യു.എഫ്.സിയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അവിടുന്നിങ്ങോട്ട് ഏഴ് വർഷക്കാലം ഇടിക്കൂട്ടിലെ നിറസാന്നിധ്യമാണ് ബിലാല്‍. ടൈറ്റില്‍ വിജയത്തിന് ശേഷം മുൻ യു.എഫ്.സി ചാമ്പ്യൻ ഖബീബ് നർമഗോമെദോവ് അടക്കമുള്ളവർ ബിലാലിന് അഭിനന്ദനങ്ങളുമായെത്തി. ബിലാൽ അർഹിച്ച വിജയമാണിതെന്നാണ് ഖബീബ് സോഷ്യൽമീഡിയയിൽ കുറിച്ചത്. മത്സരത്തിന്റെ ഫലമെന്തോ ആയിക്കൊള്ളട്ടേ താനിന്ന് മുതൽ ബിലാലിന്റെ കടുത്ത ആരാധകനാണെന്നാണ് ന്യൂസിലന്‍റിന്‍റെ ഇസ്രായേൽ അഡെസാന്യ കുറിച്ചത്.

'ഈ പോരാട്ടത്തിൽ ബിലാൽ തോറ്റിരുന്നെങ്കിലും എനിക്കൊരു പ്രശ്‌നവുമില്ലായിരുന്നു. അത്ര മേൽ വലിയ പോരാട്ട വീര്യമാണ് അയാൾ കാഴ്ചവച്ചത്. ലിയോണിന്റെ രാജ്യത്ത് വച്ചാണ് അയാളീ ഇതിഹാസമെഴുതിയത് എന്നോർക്കണം.'- അഡെസാന്യ കുറിച്ചു. ലിയോൺ എഡ്വേർഡ്‌സിനെതിരായ വിജയത്തിന് ശേഷം മാഞ്ചസ്റ്റർ നഗരത്തിൽ തുറന്ന വാഹനത്തിൽ ബിലാലിന്റെ വിജയാഘോഷം അരങ്ങേറി. ഫലസ്തീനി പതാകകളുമായായാണ് തങ്ങളുടെ പ്രിയ താരത്തെ ആരാധകർ വരവേറ്റത്.

കഴിഞ്ഞ ദിവസം ഒളിമ്പിക്സ് വേദിയിലും ഫലസ്തീന്‍ വലിയ ചര്‍ച്ചയായിരുന്നു. ഇസ്രായേല്‍ നരഹത്യയില്‍ ജീവന്‍ പൊലിഞ്ഞ നൂറുകണക്കിന് അത്‌ലെറ്റുകളുടെ ഓര്‍മയില്‍ നിറഞ്ഞ കൈയടികളിലേക്കായിരുന്നു ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങില്‍ ഫലസ്തീന്‍ താരങ്ങളെയും വഹിച്ചുള്ള ബോട്ട് സീന്‍ നദിയിലൂടെ 'തുഴയെറിഞ്ഞത്'.

എട്ടു താരങ്ങളാണ് ഇത്തവണ ഫലസ്തീനെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കാനെത്തിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി നടന്ന പരേഡില്‍ ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ പ്രതീകമായ കഫിയ്യ ധരിച്ച് അണിനിരന്ന താരങ്ങളെ വന്‍ കരഘോഷത്തോടെയാണ് ജനങ്ങള്‍ വരവേറ്റത്. ഒളിംപിക്‌സിലെ ആദ്യ ഫലസ്തീന്‍ ബോക്‌സറാകാന്‍ പോകുന്ന വസീം അബൂ സാല്‍ രാജ്യത്തിന്റെ പതാക ഉയര്‍ത്തി സംഘത്തെ മുന്നില്‍നിന്നു നയിച്ചു. ഒളിമ്പിക്സ് വേദികളില്‍ ഇസ്രായേലിനെതിരായ പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. മാലി-ഇസ്രായേല്‍ ഫുട്ബോള്‍ മത്സരത്തില്‍ സ്റ്റേഡിയത്തില്‍ നിറയെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബാനറുകള്‍ നിരന്നിരുന്നു. കാണികള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇസ്രായേല്‍ നരഹത്യയെ വിമര്‍ശിച്ചു മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ഇസ്രായേല്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ഗാലറിയില്‍നിന്ന് കൂക്കുവിളികള്‍ ഉയര്‍ന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തില്‍ കഴിഞ്ഞ പത്ത് മാസത്തിനിടെ 350 ഫലസ്തീന്‍ അത്‌ലെറ്റുകള്‍ക്കു ജീവന്‍ നഷ്ടമായെന്നാണ് ഫലസ്തീന്‍ ഒളിംപിക് കമ്മിറ്റിയുടെ(പി.ഒ.സി) ഔദ്യോഗിക കണക്ക്. ഫുട്‌ബോള്‍, ജൂഡോ, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിങ് താരങ്ങളെല്ലാം കൊല്ലപ്പെട്ടവരിലുണ്ട്. നിരവധി ഗ്രൗണ്ടുകളും കായിക സമുച്ചയങ്ങളും പരിശീലന കേന്ദ്രങ്ങളുമെല്ലാം ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ന്നിരുന്നു.

Related Tags :
Similar Posts