< Back
Sports
രാജസ്ഥാൻ ഠിം! ബാംഗ്ലൂരിനെതിരെ കൂടാരം കയറിയത് 59 റണ്‍സിന്
Sports

രാജസ്ഥാൻ ഠിം! ബാംഗ്ലൂരിനെതിരെ കൂടാരം കയറിയത് 59 റണ്‍സിന്

Web Desk
|
14 May 2023 6:44 PM IST

ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറുമടക്കം രാജസ്ഥാന്‍റെ നാല് ബാറ്റര്‍മാരാണ് സംപൂജ്യരായി കൂടാരം കയറിയത്.

ജയ്പൂര്‍: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാണംകെട്ട തോല്‍വി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ വെറും 59 റണ്‍സിന് കൂടാരം കയറി. 112 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ബാംഗ്ലൂര്‍ കുറിച്ചത്. ബാംഗ്ലൂരിനായി മൂന്ന് വിക്കറ്റ് പിഴുത വെയിന്‍ പാര്‍ണലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബ്രേസ്‍വെല്ലും കരണ്‍ ശര്‍മയും ചേര്‍ന്നാണ് രാജസ്ഥാന്‍റെ നടുവൊടിച്ചത്. രാജസ്ഥാനായി 35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയര്‍ മാത്രമാണ് പൊരുതി നോക്കിയത്.

ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറുമടക്കം രാജസ്ഥാന്‍റെ നാല് ബാറ്റര്‍മാര്‍ സംപൂജ്യരായി കൂടാരം കയറി. തോല്‍വിയോടെ രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണേറ്റിരിക്കുന്നത്. മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ജയ്സ്വാളിനെ പറഞ്ഞയച്ച് സിറാജാണ് രാജസ്ഥാന്‍ വധത്തിന് തുടക്കം കുറിച്ചത്. തൊട്ടടുത്ത ഓവറില്‍ പാര്‍നലിന് മുന്നില്‍ ബട്‍ലര്‍ വീണു. അതേ ഓവറില്‍ നാല് റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണും കൂടാരം കയറി.

പിന്നീടെത്തിയ ദേവദത്ത് പടിക്കലിനും ജോ റൂട്ടിനും വലിയ സംഭാവനകള്‍ നല്‍കാനായില്ല. കൂറ്റനടികളുമായി കളംനിറഞ്ഞ ഷിംറോണ്‍ ഹെറ്റ്മെയര്‍ രാജസ്ഥാനെ വന്‍നാണക്കേടില്‍ നിന്ന് കരകയറ്റുമെന്ന പ്രതീക്ഷിച്ച ആരാധകര്‍ക്ക് വീണ്ടും പിഴച്ചു. പത്താം ഓവറില്‍ ഹെറ്റ്മെയറിനെ ബ്രേസ് വെല്‍ പറഞ്ഞയച്ചു. പിന്നീട് ബാംഗ്ലൂരിന് മൈതാനത്ത് ചില ചടങ്ങുകള്‍ തീര്‍ക്കാന്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

നേരത്തേ അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിന്റേയും ഗ്ലെൻ മാക്‌സ്‍വെല്ലിന്റേയും മികവിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ 171 റൺസെടുത്തു. രാജസ്ഥാന് വേണ്ടി മലയാളി താരം കെ.എം ആസിഫും ആദം സാംപയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏഴാം ഓവറിൽ സൂപ്പർ താരം വിരാട് കോഹ്ലിയെ ജയ്‌സ്വാളിന്റെ കയ്യിലെത്തിച്ച് കെ.എം ആസിഫ് രാജസ്ഥാന് ആദ്യ ബ്രേക് ത്രൂ നൽകി. പിന്നീട് ക്രീസിൽ ഒന്നിച്ച ഡുപ്ലെസിസും മാക്‌സ് വെല്ലും ചേർന്ന് ബാംഗ്ലൂർ സ്‌കോർ പതിയെ ചലിപ്പിച്ചു തുടങ്ങി. 15ാം ഓവറിൽ ഫാഫ് ഡുപ്ലെസിസിനെയും ആസിഫ് ജയ്‌സ്വാളിന്റെ കയ്യിലെത്തിച്ചു. 44 പന്തിൽ രണ്ട് സിക്‌സിന്റേയും മൂന്ന് ഫോറുകളുടേയും അകമ്പടിയിലായിരുന്നു ഡുപ്ലെസിസ് അർധ ശതകം തികച്ചത്. പിന്നീടെത്തിയ ലോംറോറിനേയും ദിനേശ് കാർത്തിക്കിനേയും 16ാം ഓവറിൽ കൂടാരം കയറ്റി സാംപ ബാംഗ്ലൂരിനെ ഞെട്ടിച്ചു. അവസാന ഓവറിൽ അനൂജ് റാവത്ത് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ബാംഗ്ലൂരിനെ ഭേധപ്പെട്ട സ്‌കോറിലെത്തിച്ചത്. വെറും 11 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടിച്ച റാവത്ത് 29 റണ്‍സുമായി പുറത്താകാതെ നിന്നു.

Similar Posts