< Back
Sports
ഫുട്ബോളില്‍ ഇനി നീലക്കാര്‍ഡും! താരങ്ങളെ കാത്തിരിക്കുന്നത് മുട്ടന്‍ പണി
Sports

ഫുട്ബോളില്‍ ഇനി നീലക്കാര്‍ഡും! താരങ്ങളെ കാത്തിരിക്കുന്നത് മുട്ടന്‍ പണി

Web Desk
|
9 Feb 2024 3:52 PM IST

1970 ലോകകപ്പിലാണ് ഫുട്‌ബോൾ ചരിത്രത്തില്‍‌ ആദ്യമായി കാർഡുകൾ അവതരിപ്പിക്കപ്പെട്ടത്

ഫുട്‌ബോൾ മൈതാനം അക്ഷരാർഥത്തിൽ സംഘർഷഭൂമിയാകുന്ന കാഴ്ചകൾക്ക് പലപ്പോഴും ആരാധകർ സാക്ഷിയാവാറുണ്ട്. കളിചൂടുപിടിക്കുമ്പോൾ ചിലപ്പോഴൊക്കെ മൈതാനങ്ങളില്‍ ഏറ്റുമുട്ടാറുള്ള കളിക്കാരെ നിയന്ത്രിക്കാൻ റഫറിമാർ പുറത്തെടുക്കുന്ന കാർഡുകൾക്ക് മൈതാനത്ത് വലിയ പ്രാധാന്യമുണ്ട്. പത്തും അതിലധികവുമൊക്കെ കാർഡുകൾ പിറവിയെടുത്ത മത്സരങ്ങൾ ഫുട്‌ബോൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ മഞ്ഞ, ചുവപ്പ് കാർഡുകൾക്കൊപ്പം മറ്റൊരു കാർഡ് കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡ്. നീല നിറത്തിലുള്ള കാർഡാണ് ഇഫാബ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ പോകുന്നത്. മത്സരത്തിൽ അനാവശ്യമായ ഫൗളുകൾ, ഒഫീഷ്യൽസിനോടുള്ള അപമര്യാദയായുള്ള പെരുമാറ്റം തുടങ്ങിയ അച്ചടക്ക ലംഘനങ്ങൾക്കാണ് നീല കാർഡ് ഉയർത്തുക. ഈ കാർഡ് ലഭിച്ചാൽ കളിക്കാരൻ പത്ത് മിനിറ്റോളം മൈതാനത്തിന് പുറത്തിരിക്കേണ്ടി വരും. ഒരു മത്സരത്തിൽ രണ്ട് നീലക്കാർഡ് ലഭിച്ച കളിക്കാരന് പിന്നെ ആ മത്സരത്തിൽ കളത്തിലിറങ്ങാനാവില്ല. ഒരു നീലക്കാർഡും ഒരു മഞ്ഞക്കാർഡും ലഭിച്ചാലും ചുവപ്പ് കാർഡുയർത്തി റഫറി താരത്തെ പുറത്താക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

1970 ലോകകപ്പിലാണ് ഫുട്‌ബോൾ ചരിത്രത്തില്‍‌ ആദ്യമായി കാർഡുകൾ അവതരിപ്പിക്കപ്പെട്ടത്. ഫുട്‌ബോൾ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റമായിരുന്നു അത്. അവിടം മുതലിങ്ങോട്ട് മൈതാനങ്ങളിലെ അച്ചടക്ക നടപടികൾക്കുള്ള ആയുധമായിരുന്നു ഈ രണ്ട് കാർഡുകൾ. മൂന്നാമതൊരു കാർഡ് കൂടി എത്തുന്നതോടെ ഫുട്‌ബോൾ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായി മാറുമത്. വരുന്ന സമ്മർ സീസണിൽ ബ്ലു കാർഡ് പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇഫാബ്. ടോപ് ടയർ മത്സരങ്ങളിൽ ഇപ്പോൾ പരീക്ഷിച്ചില്ലെങ്കിലും മറ്റു ചില പ്രധാന മത്സരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ലോകകപ്പിലെ അര്‍ജന്‍റീന നെതര്‍ലന്‍റ്സ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടമാണ് സമീപകാലത്ത് കാര്‍‌ഡുകളുടെ പേരില്‍ ഫുട്ബോള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടൊരു മത്സരം. കളിയാംരംഭിച്ച് 31 ാംമിനിറ്റ് മുതല്‍ പെനാല്‍റ്റട്ടി ഷൂട്ടൗട്ട് തീരുന്നതുവരെ ആകെ 18 മഞ്ഞക്കാര്‍ഡുകളാണ് മത്സരത്തിലുടനീളം റഫറി അന്‍റോണിയോ ലാഹോസ് പുറത്തെടുത്തത്. രണ്ട് അര്‍ജന്‍റൈന്‍ ഒഫീഷ്യലുകളും, എട്ട് അര്‍ജന്റീനന്‍ താരങ്ങളും, ഏഴ് നെതര്‍ലന്‍ഡ് താരങ്ങളും കാര്‍ഡ് കണ്ടു. രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട ഡച്ച് താരം ഡെന്‍സല്‍ ഡുംഫ്രിസിന് കളം വിടേണ്ടി വന്നു. .120 മിനിറ്റ് കളിയില്‍ 48 ഫൗള്‍ വിസിലുകളാണ് അന്റോണിയോ ആകെ മുഴക്കിയത്. അര്‍ജന്റീനന്‍ നിരയില്‍ കോച്ച് ലയണല്‍ സ്‌കലോനിയും, സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമടക്കം ലാഹോസിന്‍റെ കാര്‍ഡിനിരയായി. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം മഞ്ഞക്കാര്‍ഡ് കണ്ട മത്സരം എന്ന റെക്കോര്‍ഡാണ് അന്ന് അര്‍ജന്‍റീന നെതര്‍ലന്‍റ്സ് മത്സരത്തിന്‍റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്.

മത്സരത്തിന് ശേഷം ലയണല്‍ മെസ്സിയടക്കം അര്‍ജന്‍റൈന്‍ താരങ്ങള്‍ ഒന്നടങ്കം ലാഹോസിനെതിരെ പരസ്യ വിമര്‍ശനമുയര്‍ത്തി രംഗത്ത് വന്നു. അയാളൊരു കഴിവുകെട്ടവനാണെന്നാണ് അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസ് പറഞ്ഞത്. റഫറി നെതര്‍ലന്‍ഡ്‌സിന് അനുകൂലമായാണ് എല്ലാം ചെയ്തതെന്ന് എമിആരോപിച്ചു. ഒരു കാരണവുമില്ലാതെയാണ് പത്ത് മിനിറ്റ് അധിക സമയം അനുവദിച്ചതെന്നും നെതര്‍ലന്‍റ് സ്കോര്‍ ചെയ്യണമെന്ന് ലാഹോസിന് അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നെന്നും എമി പറഞ്ഞു

2006 ലോകകപ്പില്‍ അരങ്ങേറിയ പോര്‍ച്ചുഗല്‍ നെതര്‍ലാന്‍റ് മത്സരമാണ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ചുവപ്പ് കാര്‍ഡുകള്‍ ഉയര്‍ന്ന മത്സരം. ബാറ്റില്‍ ഓഫ് ന്യൂറംബര്‍ഗ് എന്ന പേരില്‍ അറിയപ്പെട്ട ഈ മത്സരത്തില്‍ നാല് റെഡ് കാര്‍ഡുകളും 16 മഞ്ഞക്കാര്‍ഡുകളുമാണ് ഉയര്‍ന്നത്. മത്സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കടക്കം പരിക്കേറ്റിരുന്നു. കളിയില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു.

Related Tags :
Similar Posts