< Back
Sports
വംശീയ അധിക്ഷേപ ആരോപണത്തിൽ പി.എസ്.ജി പരിശീലകന് പിന്തുണയുമായി; ബുറാക് യിൽമാസ്
Sports

വംശീയ അധിക്ഷേപ ആരോപണത്തിൽ പി.എസ്.ജി പരിശീലകന് പിന്തുണയുമായി; ബുറാക് യിൽമാസ്

Web Desk
|
24 April 2023 7:04 PM IST

ഇമെയിൽ ചോർച്ച വന്നതോടെ ക്ലബ്ബിലെ ഫ്രഞ്ച് പരിശീലകൻ്റെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്

പി.എസ്.ജി പരിശീലകനായ ക്രിസ്റ്റോഫ് ഗാൽറ്റിയറിനെതിരായ വംശീയ അധിക്ഷേപ ആരോപണത്തിൽ ഗാൽറ്റിയറിനെ പിന്തുണച്ച് തുർക്കി ഫുട്ബോൾ താരം ബുറാക് യിൽമാസ്.

2022 മെയ് മാസത്തിൽ നീസിന്റെ അന്നത്തെ ഫുട്ബോൾ ഡയറക്ടറായിരുന്ന ജൂലിയൻ ഫോർനിയർ, ടീം സ്കൈ ബ്രെയിൽസ്ഫോർഡിന് അയച്ച ഒരു ഇമെയിൽ സന്ദേശം കഴിഞ്ഞയാഴ്ച്ച ചോർന്ന് പുറത്ത് വന്നിരുന്നു. ഈ ഇമെയിൽ സന്ദേശമാണ് ഇപ്പോൾ വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. 'നഗരത്തിന്റെ യാഥാർത്ഥ്യം' ഞാൻ കണക്കിലെടുക്കേണ്ടതുണ്ടെന്നും ഞങ്ങൾക്ക് ടീമിൽ ഇത്രയധികം കറുത്തവരും മുസ്ലീങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം (ക്രിസ്റ്റോഫ് ഗാൽറ്റിയർ) എന്നോട് പറഞ്ഞു, ഇമെയിലെ വിവാദ ഭാഗം ഇപ്രകാരമാണ്.

എന്നാൽ വംശീയതയ്ക്കും ഇസ്ലാമോഫോബിയ ആരോപണങ്ങൾക്കുമിടയിൽ പി.എസ്.ജി പരിശീലകനെ ഇപ്പോൾ പരസ്യമായി പിന്തുണച്ചു രംഗത്ത് വന്നിരിക്കുകയാണ് തുർക്കി ഫുട്ബോൾ താരം ബുറാക് യിൽമാസ്. ലില്ലെ 2020-2021 സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം നേടിയപ്പോൾ ഗാൽറ്റിയറിനൊപ്പം പ്രവർത്തിച്ച യിൽമാസ്, തന്റെ മുൻ പരിശീലകന് സോഷ്യൽ മീഡിയയിലൂടെയാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.

തന്റെ മതത്തെയോ ദേശീയതയെയോ അടിസ്ഥാനമാക്കി ഗാൽറ്റിയറിൽ നിന്ന് ഒരിക്കലും മോശമായ പെരുമാറ്റം അനുഭവിച്ചിട്ടില്ലെന്ന് 37 കാരനായ താരം പറഞ്ഞു. ഗാൽറ്റിയർ ഒരു മികച്ച പരിശീലകൻ മാത്രമല്ല, ഒരുമിച്ചുള്ള സമയത്തിലുടനീളം തന്നോട് ബഹുമാനത്തോടെ പെരുമാറിയ ഒരു മികച്ച വ്യക്തി കൂടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022-ൽ ലില്ലെ വിട്ട ബുറാക് യിൽമാസ് നിലവിൽ ‍ഡച്ച് ക്ലബ്ബായ ഫോർച്യൂണ സിറ്റാർഡിനു വേണ്ടിയാണ് കളിക്കുന്നത്.


പരിശീലകനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ക്രിസ്റ്റോഫ് ഗാൽറ്റിയർ വംശീയാധിക്ഷേപത്തിൽ അമ്പരന്നുവെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ അടുത്തറിയാവുന്നവരും ഈ അമ്പരപ്പ് പ്രകടമാക്കിയിട്ടുണ്ട്. ഗാൽറ്റിയറുടെ നിയമോപദേശകൻ എഎഫ്‌പിക്ക് നൽകിയ പ്രസ്താവനയിൽ തന്റെ കക്ഷിക്ക് എതിരായ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. ഞെട്ടൽ പ്രകടിപ്പിച്ചുകൊണ്ട്, വക്കീൽ മാനേജരുടെ നിരപരാധിത്വം ആവർത്തിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു.

അതേസമയം, ഗാൽറ്റിയറിനെതിരെ ഉയർന്ന വംശീയ ആരോപണങ്ങളെ തുടർന്ന് പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ തിരിച്ചടിയായി ഇമെയിൽ ചോർച്ച വന്നതോടെ ക്ലബ്ബിലെ ഫ്രഞ്ച് പരിശീലകൻ്റെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.

Similar Posts