
ആ മൂവര്‍ സംഘമില്ലാതെ ഓസീസിന് ചാമ്പ്യന്‍സ് ട്രോഫി നേടാനാവുമോ?
|ആസ്ത്രേലിയ ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയിട്ട് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു
ആറ് ഏകദിന ലോകകപ്പുകൾ, രണ്ട് ചാമ്പ്യൻസ് ട്രോഫി, ഒരു ടി20 ലോകകപ്പ്. ഐ.സി.സി ടൂർണമെന്റുകളുടെ ചരിത്രത്തിൽ ആസ്‌ത്രേലിയൻ ഷെൽഫിനെപ്പോലെ കിരീടങ്ങൾ കൊണ്ട് സമ്പന്നമായൊരു ഷെൽഫില്ല. കാലങ്ങളായി ഐ.സി.സി ഇവന്റുകളിലെ ഹോട്ട് ഫേവറേറ്റുകളാണ് ഓസീസ് സംഘം . 2023 ഏകദിന ലോകകപ്പിൽ രണ്ട് മത്സരങ്ങൾ തോറ്റ ശേഷം ഐതിഹാസിക തിരിച്ചുവരവ് നടത്തിയാണ് അവർ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഫൈനലിൽ അഹ്‌മദാബാദിലെ ഇന്ത്യൻ ആരാധകരെ മുഴുവൻ നിശബ്ദമാക്കി ഇന്ത്യയെ തോൽപ്പിച്ച് കിരീടമണിയുന്നു. കങ്കാരുക്കളുടെ സമീപകാലത്തെ സുപ്രധാന നേട്ടം അതാണ്.
അതേ സമയം ചാമ്പ്യൻസ് ട്രോഫിയിൽ ആസ്‌ത്രേലിയ കിരീടം ചൂടിയിട്ട് ഒന്നരപ്പതിറ്റാണ്ട് കാലമായി. 2006 ലും 2009 ലും തുടർച്ചയായി കിരീടമണിഞ്ഞ ശേഷം അവര്‍ക്ക് ഇതുവരെ ടൂർണമെന്റിൽ ചാമ്പ്യൻ പട്ടം അലങ്കരിക്കാനായിട്ടില്ല. 15 വർഷങ്ങൾക്ക് ശേഷം ആ കിരീടം ഷെൽഫിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കങ്കാരുക്കൾ ഇക്കുറി കച്ചകെട്ടിയിറങ്ങുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓസീസ് ക്യാമ്പിൽ നിന്ന് ആരാധകർ കേട്ടുകൊണ്ടിരിക്കുന്നത് അത്ര നല്ല വാർത്തകളൊന്നുമല്ല. കഴിഞ്ഞ ദിവസമാണ് സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക് വ്യക്തിപരമായ കാരണങ്ങളാൽ ടൂർണമെന്റിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ത്രേലിയ അറിയിച്ചത്. ഇതോടെ ടീമിൽ അനിവാര്യ സാന്നിധ്യമാവേണ്ട അഞ്ചാമത്തെ താരത്തെയാണ് ഓസ്‌ത്രേലിയക്ക് നഷ്ടമാവുന്നത്.
പരിക്ക് കാരണം നേരത്തേ തന്നെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്,മിച്ചൽ മാർഷ് എന്നിവർ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉണ്ടാവില്ലെന്ന് അറിയിച്ചിരുന്നു. സ്‌ക്വാഡിൽ ഉൾപ്പെട്ടതിന് ശേഷം ഓൾറൗണ്ടർ മാർകസ് സ്റ്റോയിനിസിന്റെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചു. ഇതോടെ അഞ്ച് പകരക്കാരെ കണ്ടെത്തേണ്ടി വന്നു ബോർഡിന്. സീൻ ആബോട്ട്, ബെൻ ഡ്വാർഹുയിസ്, ഫ്രേസർ മക്കർക്ക്, സപെൻസർ ജോൺസൺ, തൻവീർ സംഗ എന്നിവരാണ് പകരക്കാരായി സ്‌ക്വാഡിലെത്തിയത്. കൂപ്പർ കൊണോലിയെ ട്രാവലിങ് റിസർവായും ടീമിൽ ഉൾപ്പെടുത്തി.
കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഓസീസ് പേസ് ആക്രമണങ്ങളെ നയിച്ച ബിഗ് ത്രീ ഇല്ലാതെ എങ്ങനെയാണ് ആസ്‌ത്രേലിയ ഒരു ഐ.സി.സി ട്രോഫി ഷെൽഫിലെത്തിക്കുക എന്നാണ് ആരാധകരുടെ ചോദ്യം. വിശ്വവേദിയിൽ 47 വിക്കറ്റുകളാണ് സ്റ്റാർക്കും കമ്മിൻസും ഹേസൽവുഡും ചേർന്ന് പോക്കറ്റിലാക്കിയത്. ഇന്ത്യക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫി വിജയത്തിലും ഈ മൂവർ സംഘം നിർണായക റോൾ വഹിച്ചു. അതിനാൽ തന്നെ ആരെ കൊണ്ടു വന്നാലും ഈ ട്രയോക്ക് പകരമാവില്ലെന്നാണ് ഓസീസ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്.
കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ മൂന്ന് പരമ്പരകളാണ് ഓസ്‌ത്രേലിയ കളിച്ചത്. വെസ്റ്റിൻഡീസിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. 3-2 നായിരുന്ന ബദ്ധവൈരികളായ ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. എന്നാൽ പാകിസ്താനെതിരായ പരമ്പര 2-1 ന് അടിയറവച്ചു.
പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ചാമ്പ്യൻസ് ട്രോഫിയിൽ ഓസീസ് സംഘത്തെ നയിക്കുക. 59 ഏകദിനങ്ങളിൽ ആസ്‌ത്രേലിയയെ നയിച്ച അനുഭവ സമ്പത്തുള്ള സ്മിത്ത് അതിൽ 30 ലും ടീമിനെ വിജയത്തിലേക്ക് നയിച്ചു. ബാറ്റിങ്ങിൽ ട്രാവിസ് ഹെഡ്ഡിന്റെ ഫോമിലാണ് ആസ്‌ത്രേലിയയുടെ മുഴുവൻ പ്രതീക്ഷകളും. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഹെഡ്ഡിന്റെ ചിറകിലേറിയായിരുന്നു ഓസീസിന്റെ കുതിപ്പുകള്‍. ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി കുറിച്ച് ആസ്ത്രേലിയയെ ആറാം ലോകകിരീടമണിയിക്കുന്നതില്‍ നിര്‍ണായക റോളാണ് ഹെഡ് വഹിച്ചത്.
ലോകപ്പിന് ശേഷം 5 ഏകദിന മത്സരങ്ങളിലാണ് ഹെഡ് ഓസീസിനായി പാഡ് കെട്ടിയിറങ്ങിയത്. 63 ബാറ്റിങ് ആവറേജിൽ 252 റൺസ് ഈ മത്സരങ്ങളില്‍ നിന്നായി താരം അടിച്ചെടുത്തു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും നിറഞ്ഞു കളിക്കുന്ന ഹെഡ് തന്നെയാവും ഇക്കുറിയും ഓസീസ് ബാറ്റിങ് ലൈനപ്പിന്റെ തല.ഫെബ്രുവരി 22 ന് ലാഹോറിൽ ഇംഗ്ലണ്ടിനെതിരെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്‌ത്രേലിയയുടെ ആദ്യ മത്സരം. ഫെബ്രുവരി 25 ന് റാവൽപിണ്ടിയിൽ ദക്ഷിണാഫ്രിക്കയേയും 28 ന് ലാഹോറിൽ വച്ച് തന്നെ അഫ്ഗാനിസ്താനേയും നേരിടും. സുപ്രധാന താരങ്ങളില്ലാതെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസ് സംഘത്തിന്‍റെ സഞ്ചാരം എവിടം വരെ.. കാത്തിരുന്ന് കാണണം.