< Back
Sports
chest discomfort,Juventus goalkeeper, Wojciech Szczesny, Europa League match,ഷെസ്നി

നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഷെസ്നിയെ കോച്ച് തിരികെവിളിക്കുന്നു

Sports

കളിക്കിടെ നെഞ്ചുവേദന; കണ്ണീരോടെ തിരിച്ചുകയറി യുവന്‍റസ് ഗോളി ഷെസ്നി

Web Desk
|
14 April 2023 3:03 PM IST

ആദ്യ പകുതിയിൽ മികച്ച സേവുകള്‍ നടത്തിയ പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്നിയെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പാണ് അസ്വസ്ഥനായി കാണപ്പെട്ടത്

യൂറോപ്പ ലീഗ് മത്സരത്തിനിടെ യുവന്‍റസ് ഗോള്‍കീപ്പര്‍ വോയ്‌സെച് ഷെസ്‌നിക്ക് നെഞ്ച് വേദന. കളിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട താരത്തെ യുവന്‍റസ് കോച്ച് അല്ലഗ്രി പിന്‍വലിച്ച് പകരം ഗോള്‍കീപ്പറെ ഇറക്കി. യൂറോപ്പ ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു സംഭവം. പോര്‍ച്ചുഗീസ്‌ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിബ്‌സണെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് യുവന്‍റസ് ജയിച്ചു.

ആദ്യ പകുതിയിൽ മികച്ച സേവുകള്‍ നടത്തിയ പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്നിയെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പാണ് അസ്വസ്ഥനായി കാണപ്പെട്ടത്. നെഞ്ചു വേദനകൊണ്ട് വിഷമിക്കുന്ന ഷെസ്നിയെ കണ്ട സഹതാരം മാനുവല്‍ ലോക്കട്ടെല്ലി ഉടന്‍ തന്നെ മെഡിക്കല്‍ സംഘത്തെ വിളിക്കുകയും വൈദ്യസഹായം ആവശ്യപ്പെടുകയുമായിരുന്നു.

ഇതിനുപിന്നാലെ താരത്തെ കളത്തില്‍ നിന്നും പിന്‍വലിച്ചു. കണ്ണീരോടെയാണ് ഷെസ്‌നി മൈതാനത്തുനിന്ന് മടങ്ങിയത്. കളിക്കിടെ ഷെസ്‌നിയുടെ ഹൃദയമിടിപ്പ് ഉയരുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയുമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത ഉടന്‍ തന്നെ ഷെസ്‌നിയെ യുവന്‍റസ് മെഡിക്കല്‍ സെന്‍ററിലേക്ക് മാറ്റി. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ഷെസ്നിക്ക് കുഴപ്പമൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ടീം അറിയിച്ചു.

Similar Posts