< Back
Sports
ഉന്മേഷവാനാണവൻ, തമാശയൊക്കെ പറഞ്ഞു; എറിക്‌സണിന്റെ ആരോഗ്യനിലയെക്കുറിച്ച് ഏജന്റ്
Sports

'ഉന്മേഷവാനാണവൻ, തമാശയൊക്കെ പറഞ്ഞു'; എറിക്‌സണിന്റെ ആരോഗ്യനിലയെക്കുറിച്ച് ഏജന്റ്

Web Desk
|
14 Jun 2021 8:17 PM IST

'ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ചുറ്റിലും നിറയുന്ന സ്‌നേഹത്തില്‍ താരത്തിന്‍റെ കണ്ണുനിറഞ്ഞിരിക്കുകയാണ്'

ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടുണ്ടെന്ന് ഏജന്റ് മാർട്ടിൻ സ്‌കൂട്ട്‌സ്. എറിക്‌സണുമായി സംസാരിച്ചിരുന്നുവെന്നും പൂർണമായും ഉത്സാഹവാനാണ് താരമെന്നും മാർട്ടിൻ സ്‌കൂട്ട്‌സ് ഇറ്റാലിയൻ മാധ്യമത്തോട് പറഞ്ഞു.

ഇന്ന് രാവിലെ ഞങ്ങൾ എറിക്‌സണുമായി സംസാരിച്ചു. അദ്ദേഹം തമാശ പറയുകയായിരുന്നു. ഉന്മേഷവാനാണ് ആള്. ആരോഗ്യവാനായാണ് അദ്ദേഹത്തെ കണ്ടത്. എന്താണ് അന്നു സംഭവിച്ചതെന്ന് കണ്ടെത്താനിരിക്കുകയാണ് നമ്മൾ. ഡോക്ടർമാർ വിശദമായ പരിശോധനകൾ നടത്തിവരികയാണ്. അതു കുറച്ചു സമയമെടുക്കും-മാർട്ടിൻ സ്‌കൂട്ട്‌സ് കൂട്ടിച്ചേർത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ചുറ്റിലും നിറയുന്ന സ്‌നേഹത്തിൽ താരത്തിന്‍റെ കണ്ണുനിറഞ്ഞിരിക്കുകയാണ്. ഇന്റർമിലാനിലെ സഹതാരങ്ങളുടെയും ആരാധകരുടെയും സന്ദേശങ്ങളാണ് ഏറെ മനസുനിറച്ചിരിക്കുന്നത്. പാതിഗ്രഹവും നമ്മെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും ദുഃഖിതരായിരുന്നു. ഇനി അദ്ദേഹം വിശ്രമിക്കട്ടെ-സ്‌കൂട്ട്‌സ് പറഞ്ഞു.

രണ്ടു ദിവസം കൂടി താരം ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്ന് സ്‌കൂട്ട്‌സ് അറിയിച്ചു. ദിവസവും ഇടയ്ക്കിടെ പരിശോധനകൾ നടന്നുവരുന്നുണ്ട്. താരത്തിന്റെ കൂടെ ആശുപത്രിയിൽ ഭാര്യയും മാതാപിതാക്കളുമെല്ലാമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോധരഹിതനായതിനു പിറകെ എറിക്‌സണിന് ഹൃദയാഘാതം സംഭവിച്ചിരുന്നതായി നേരത്തെ ഡെന്മാർക്ക് ടീമിന്റെ ഡോക്ടർ മോർട്ടൻ ബോസൻ സ്ഥിരീകരിച്ചിരുന്നു. യൂറോകപ്പില്‍ ശനിയാഴ്ച ഫിന്‍ലാന്‍ഡിനെതിരായ മത്സരത്തിനിടെയായിരുന്നു ഡെന്മാര്‍ക്ക് താരം കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അടിയന്തര ആരോഗ്യ പരിചരണങ്ങള്‍ നല്‍കാനായതിനാല്‍ താരത്തെ രക്ഷിക്കാനായി.

Similar Posts