< Back
Cricket
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ സെലക്ടർക്കെതിരെ ലൈംഗിക ആരോപണവുമായി വനിതാ ക്രിക്കറ്റ് താരം
Cricket

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ സെലക്ടർക്കെതിരെ ലൈംഗിക ആരോപണവുമായി വനിതാ ക്രിക്കറ്റ് താരം

Sports Desk
|
7 Nov 2025 5:28 PM IST

ഒന്നിലധികം തവണ മോശം അനുഭവങ്ങൾ ഉണ്ടായതാണ് താരം വ്യക്തമാക്കിയത്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ സെലക്ടർ മഞ്ജുരുൾ ഇസ്‌ലാമിനെതിരെ ലൈംഗികാതിക്രമ ആരോപണം. ബംഗ്ലാദേശ് വനിതാ ക്രിക്കറ്റർ ജഹനാരയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ ആരോപണങ്ങൾ മഞ്ജുരുൾ ഇസ്‌ലാം നിഷേധിച്ചു.

ഒന്നിലധികം തവണ മോശം അനുഭവങ്ങൾ ഉണ്ടായതാണ് താരം വ്യക്തമാക്കിയത്. 'ഒരിക്കൽ മാത്രമല്ല, നിരവധി തവണ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ടീമിലുള്ളപ്പോഴായിരുന്നതിനാൽ പലകാര്യങ്ങളും തുറന്നുപറയാനാവില്ല. അദ്ദേഹം പ്രധാന സ്ഥാനത്തിരിക്കുന്നയാളെന്ന നിലയിൽ അന്ന് പലകാര്യങ്ങളും തുറന്നുപറയാനോ പ്രതിഷേധിക്കാനോ കഴിഞ്ഞില്ല-ജഹനാര യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മാനേജ്‌മെന്റിന്റെ ഭാഗമായ തൗഹിദ് എന്നയാളാണ് ആദ്യം മോശമായ രീതിയിൽ സമീപിച്ചത്. പിന്നീടാണ് സെലക്ടറായിരുന്ന മഞ്ജുരുൾ മോശമായി പെരുമാറിയതെന്ന് വനിതാ ക്രിക്കറ്റ് താരം പറഞ്ഞു.

''2021-ൽ തൗഹിദ് ഭായ് ബാബു ഭായി (കോർഡിനേറ്റർ സർഫറാസ് ബാബു) വഴി എന്നെ സമീപിച്ചു. ഇത് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. എന്തിനാണ് അവർ എന്നോട് മോശമായി പെരുമാറിയതെന്ന് എനിക്കറിയില്ല. ഞാൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മിണ്ടാതിരിക്കാൻ വളരെ ശ്രമിച്ചു. പക്ഷേ, ഞാൻ തന്ത്രപരമായി ആ പ്രൊപ്പോസൽ ഒഴിവാക്കിയപ്പോൾ, പിന്നീട് മഞ്ജു ഭായ് മോശമായി പെരുമാറാൻ തുടങ്ങി' . ജഹാനാര വീഡിയോയിൽ വ്യക്തമാക്കി. 'പ്രീ-ക്യാമ്പിനിടെ ഞാൻ ബൗളിംഗ് ചെയ്യുമ്പോൾ അയാൾ വന്ന് എന്റെ തോളിൽ കൈ വെച്ചു. പെൺകുട്ടികളെ അടുത്തേക്ക് വിളിച്ച് ചേർത്തുപിടിച്ച് സംസാരിക്കുന്ന ശീലം അയാൾക്കുണ്ടായിരുന്നു. അതിനാൽ ഞങ്ങൾ അയാളെ ഒഴിവാക്കിയിരുന്നു. മത്സരങ്ങൾക്ക് ശേഷം ഹാൻഡ്‌ഷേക്കിന് പോലും ദൂരെ നിന്ന് കൈ നീട്ടുകയുമാണ് ചെയ്തിരുന്നത്. ഭീതിയോടെയായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യത്തെ കണ്ടിരുന്നത്-ജഹനാര പറഞ്ഞു.

' പ്രീ ക്യാമ്പിൽ ബൗൾ ചെയ്യുന്ന സമയത്ത് ഒരിക്കൽ അയാളെന്റെ അടുത്തു വന്ന് ആർത്തവം എത്ര ദിവസമായെന്ന് ചോദിച്ചു. ഐസിസി ഗൈഡ്ലൈൻസ് പ്രകാരം ഫിസിയോകൾ കളിക്കാരുടെ സൈക്കിളുകൾ ആരോഗ്യ കാരണങ്ങളാൽ ട്രാക്ക് ചെയ്യാറുണ്ട്. എന്നാൽ ഒരു മാനേജർക്കോ സെലക്ടർക്കോ അത് അറിയേണ്ട കാര്യമെന്തെന്ന് എനിക്ക് മനസിലായില്ല. അഞ്ചു ദിവസമായെന്ന് മറുപടി നൽകി. അപ്പോൾ ഇന്നലെ കഴിയേണ്ടതാണല്ലോ എന്നും കഴിഞ്ഞാൽ എന്നെ അറിയിക്കണമെന്നും എനിക്ക് എന്റെ കാര്യം നോക്കണ്ടെ എന്നുമാണ് അയാൾ പറഞ്ഞത്'- ജഹനാര അഭിമുഖത്തിൽ വ്യക്തമാക്കി.

ബംഗ്ലാദേദേശ് ക്രിക്കറ്റ് ബോർഡിലും വനിതാ കമ്മിറ്റിയിലും സംഭവവുമായി ബന്ധപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ബോർഡിന്റെ പ്രസിഡന്റായ നസിമുദ്ദീൻ ചൗധരി ജഹനാരയുടെ പരാതി അവഗണിക്കുകയാണ് ചെയ്തത്. വനിതാ കമ്മിറ്റി ചെയർമാനായ നദേൽ ചൗധരിക്കും മഞ്ജുരുളിന്റെ മോശം പെരുമാറ്റം അവസാനിപ്പിക്കാനായില്ല. കഴിഞ്ഞ ഒന്നര വർഷമായി നടന്ന എല്ലാ കാര്യങ്ങളും ബി.സി.ബി.യെ അറിയിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നും വനിതാ ക്രിക്കറ്റർ ജഹനാര യൂട്യൂബ് അഭിമുഖത്തിൽ പറഞ്ഞു

Similar Posts