< Back
Cricket
Capetown Pitch
Cricket

വേഗത്തിൽ തീർന്ന ടെസ്റ്റ്: കേപ്ടൗൺ പിച്ചിന് മാർക്കിട്ട് ഐ.സി.സി

Web Desk
|
9 Jan 2024 7:51 PM IST

രണ്ട് ടീമുകളുടെയും പേസർമാർ മത്സരിച്ചാണ് എറിഞ്ഞിരുന്നത്. ഈ ഏറിൽ ഇന്ത്യൻ പേസർമാർ മിടുക്ക് കാട്ടിയപ്പോൾ ജയവും കൂടെപ്പോന്നു

കേപ്ടൗൺ: കേപ്‌ടൗണില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന രണ്ടാം ടെസ്റ്റ്, വെറും ഒന്നര ദിവസത്തിലാണ് തീര്‍ന്നത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും കുഞ്ഞന്‍ ടെസ്റ്റായും അതുമാറി.

രണ്ട് ടീമുകളുടെയും പേസർമാർ മത്സരിച്ചാണ് എറിഞ്ഞിരുന്നത്. ഈ ഏറിൽ ഇന്ത്യൻ പേസർമാർ മിടുക്ക് കാട്ടിയപ്പോൾ ജയവും കൂടെപ്പോന്നു. അതോടെ പരമ്പര സമനിലയിലാകുകയും ചെയ്തു. ഇപ്പോഴിതാ കേപ്‌ടൗണിലെ പിച്ചിന് മാര്‍ക്കിട്ടിരിക്കുകയാണ് ഐ.സി.സി.

അസാധാരണമായി പന്ത് കുത്തി ഉയര്‍ന്ന പിച്ചിനെ 'തൃപ്തികരമല്ല' എന്ന ഗണത്തിലാണ് ഐ.സി.സി മാച്ച് റഫറി ക്രിസ് ബ്രോഡ് ഉള്‍പ്പെടുത്തിയത്. ഒപ്പം കേപ്ടൗണിന് ഡിമെറിറ്റ് പോയന്‍റും ചുമത്തും. എത്ര ഡിമെറിറ്റ് പോയന്‍റുകളാണ് കേപ്ടൗണിന് ലഭിക്കുക എന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടില്ല. ആറ് ഡി മെറിറ്റ് പോയന്‍റ് ലഭിച്ചാല്‍ ഒരുവര്‍ഷത്തേക്ക് രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാവാനാവില്ല. 12 ഡി മെറിറ്റ് പോയന്‍റാണെങ്കിൽ വിലക്ക് രണ്ടു വര്‍ഷം വരെ നീളാം.

''ചിപ്പോള്‍ ഏറെ ഭയപ്പെടുത്തുന്ന വിധത്തിലായിരുന്നുവത്. അസാധാരണമായി കുത്തി ഉയര്‍ന്ന പന്തുകള്‍ പലപ്പോഴും ബാറ്റര്‍മാരുടെ ഗ്ലൗവിലാണ് കൊണ്ടത്. ഇത്തരം പന്തുകളിലാണ് പല വിക്കറ്റുകളും വീണത്" - ക്രിസ്‌ ബ്രോഡ് വ്യക്തമാക്കി.

മത്സരത്തിന് ശേഷം പിച്ചിനെ കുറ്റം പറഞ്ഞില്ലെങ്കിലും ഐ.സി.സിക്കും മാച്ച് റഫിമാര്‍ക്കും എതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഞ്ഞടിച്ചിരുന്നു. റേറ്റിങ് നല്‍കേണ്ടത് പിച്ചിന്‍റെ സ്വഭാവം നോക്കിയാണ് അല്ലാതെ ആതിഥേയരാവുന്ന രാജ്യത്തിന്‍റെ അടിസ്ഥാനത്തിലാവരുത് എന്നായിരുന്നു താരം പറഞ്ഞത്. ഏത് രാജ്യത്ത് കളി നടന്നാലും മാച്ച്‌ റഫറിമാര്‍ നിഷ്‌പക്ഷരായിരിക്കണമെന്നുമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍.

Summary-After Rohit Sharma's Public Outburst, ICC Rates Cape Town Pitch

Similar Posts