< Back
Cricket
Ajit Agarkar

അജിത് അഗാര്‍ക്കര്‍

Cricket

ബി.സി.സി.ഐ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് അജിത് അഗാർക്കറിന്റെ പേര് സജീവം; വൻ ശമ്പള വർധനയും

rishad
|
1 July 2023 9:29 PM IST

ഇന്ത്യൻ ക്രിക്കറ്റിന്റെ ചീഫ് സെലക്ടർ പദവി ലക്ഷ്യമിട്ടാണ് അഗാർക്കർ ഡൽഹി ക്യാപ്റ്റൽസിന്റെ കോച്ചിങ് പദവി ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ ഒരു വാര്‍ത്താചാനലിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ കുരുങ്ങി ചേതന്‍ ശര്‍മ രാജിവച്ചതു മുതല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

ഇന്ത്യൻ ക്രിക്കറ്റിന്റെ ചീഫ് സെലക്ടർ പദവി ലക്ഷ്യമിട്ടാണ് അഗാർക്കർ ഡൽഹി ക്യാപ്റ്റൽസിന്റെ കോച്ചിങ് പദവി ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയുടെ ചീഫ് സെലക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷെണിച്ച വേളയിലാണ് അജിത് അഗാർക്കർ ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. അതേസമയം ബിസിസിഐ ചീഫ് സെലക്ടർക്കുള്ള ശമ്പളം 90 ലക്ഷത്തിൽ നിന്നും ഒരു കോടിയായി ഉയർത്തുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ശമ്പളം പോരെന്ന് പറഞ്ഞ് പല വെറ്ററൻ ക്രിക്കറ്റർമാരും ഈ പോസ്റ്റിന് അപേക്ഷിക്കുന്നില്ല. ശമ്പളം വർദ്ധിക്കുമ്പോൾ കൂടുതൽ മുൻ താരങ്ങൾ മുന്നോട്ടു വരുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.സെലക്ടർ സ്ഥാനത്ത് എത്തുന്നതോടെ അഗാർക്കറിന് പിന്നീട് കമൻറ്ററി ചെയ്യുവാനോ ക്രിക്കറ്റ് വിദഗ്ധനായി ചാനലുകളിലും മറ്റും സംസാരിക്കുവാനോ പറ്റില്ല. അഗാർക്കർ ഈ സ്ഥാനത്ത് എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നത്.

അഗാർക്കർ നേരത്തെയും ബിസിസിഐയുടെ ചീഫ് സെലക്ടറാകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2021ൽ ഈ സ്ഥാനത്തേക്കുള്ള അഭിമുഖത്തിന് മുൻ ഇന്ത്യൻ താരം പങ്കെടുത്തിരുന്നു. അതെ വർഷം ചേതൻ ശർമയെയാണ് ബിസിസിഐ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് നിയമിച്ചത്. ഇടക്കാല നിയമനത്തിലൂടെ അഗാർക്കർ ബിസിസിഐയുടെ ചീഫ് സെലക്ടറായാൽ സുബ്രൊതോ ബാനെർജി,. സലിൽ അങ്കോള, ശ്രീധരൻ ശരത്, ശിവ് സുന്ദർ ദാസ് പാനലിനെ നയിക്കും.

Related Tags :
Similar Posts