< Back
Cricket
സിംബാബ്‌വേ മർദ്ദകനെന്ന് കാണികൾ; കുപ്പിയെടുത്ത് എറിയാനോങ്ങി ബാബർ അസം- വീഡിയോ
Cricket

സിംബാബ്‌വേ മർദ്ദകനെന്ന് കാണികൾ; കുപ്പിയെടുത്ത് എറിയാനോങ്ങി ബാബർ അസം- വീഡിയോ

Web Desk
|
25 Feb 2024 4:32 PM IST

സിംബാബ്‌വേക്കെതിരെ താരത്തിന് മികച്ച ബാറ്റിങ് റെക്കോർഡാണുള്ളത്.

കറാച്ചി: സമീപ കാലത്തായി ഫോം കണ്ടെത്താൻ പ്രായസപ്പെടുകയാണ് പാകിസ്താൻ ക്രിക്കറ്റർ ബാബർ അസം. ഇന്ത്യയിൽ നടന്ന ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. താരത്തിന്റെ മോശം കളി ടീം പ്രകടനത്തെയും ബാധിച്ചു. ഇതോടെ ലോകകപ്പിന് പിന്നാലെ പാക് ക്യാപ്റ്റൻ സ്ഥാനവും തെറിച്ചു. പിന്നാലെ ഐസിസി ലോക ഒന്നാം റാങ്കും നഷ്ടമായി.

കരിയറിൽ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ബാബറിന് നേരെ വ്യാപക വിമർശനമാണ് മുൻ താരങ്ങളും ഉയർത്തുന്നത്. കഴിഞ്ഞ ദിവസം പാകിസ്താൻ സൂപ്പർ ലീഗിനിടെ മുൻ ക്യാപ്റ്റന് നേരെ ആരാധകരിൽ നിന്ന് മോശം അനുഭവമുണ്ടായി. ഡഗൗട്ടിൽ ഇരിക്കവെ 'സിംബാബ്‌വേ, സിംബാബ്‌വേ'... എന്ന് വിളിച്ച് ആരാധകർ കളിയാക്കിയതാണ് താരത്തെ ചൊടിപ്പിച്ചത്. ഒരു നിമിഷം നിലതെറ്റിയ ബാബർ ആരാധകർക്ക് നേരെ കുപ്പിയെറിയാൻ ആംഗ്യം കാണിക്കുകയും ചെയ്തു. ഇത് കൂടാതെ ഗ്യാലറിയിലേക്ക് രൂക്ഷമായി നോക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് ബാബർ ആരാധകരും രംഗത്തെത്തി

നേരത്തെയും ബാബർ സിംബാബ്‌വേ മർദ്ദകൻ എന്ന കളിയാക്കൽ നേരിട്ടിരുന്നു. ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തിയതും സിംബാവ്‌വെയക്കമുള്ള കുഞ്ഞൻ ടീമുകൾക്കെതിരെ മികച്ച ഇന്നിങ്‌സ് കളിച്ചാണെന്നാണ് വിമർശനം. പ്രധാന ടീമുകൾക്ക് മുന്നിൽ താരം തീർത്തും നിറം മങ്ങുന്നതായും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. സിംബാബ്‌വേക്കെതിരെ താരത്തിന് മികച്ച റെക്കോർഡാണുള്ളത്. ഒൻപത് ഏകദിനത്തിൽ നിന്നായി 459 റൺസും ഏഴ് ട്വന്റി 20യിൽ നിന്നായി 232 റൺസും നേടിയിട്ടുണ്ട്. നേരത്തെ ബാബറിനെ പാക് ആരാധകർ ഇന്ത്യയുടെ വിരാട് കോഹ്‌ലിയോട് താരതമ്യപ്പെടുത്തിയതും വലിയ തോതിൽ ചർച്ചയായിരുന്നു.

പിഎസ്എല്ലിനിടെ ട്വൻറി 20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് തികയ്ക്കുന്ന ബാറ്ററായി ബാബർ അസം അടുത്തിടെ റെക്കോർഡിട്ടിരുന്നു. ഇന്ത്യൻ ഇതിഹാസം വിരാട് കോലി, വെസ്റ്റ് ഇൻഡീസ് ടി20 മാസ്റ്റർ ക്രിസ് ഗെയ്ൽ എന്നിവരെയെല്ലാം പിന്തള്ളിയാണ് നേട്ടം കൈവരിച്ചത്.

Similar Posts