< Back
Cricket
നാല് താരങ്ങൾ രണ്ട് പേര്; അശ്വിനെടുത്ത ചിത്രം വൈറൽ
Cricket

നാല് താരങ്ങൾ 'രണ്ട് പേര്'; അശ്വിനെടുത്ത ചിത്രം വൈറൽ

Web Desk
|
6 Dec 2021 6:03 PM IST

രണ്ടാം ടെസ്റ്റിൽ കിവികളെ 372 റൺസിന് തകർത്ത് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ (1-0) സ്വന്തമാക്കി

ഇന്ത്യ-ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ശേഷം ഇരുടീമിലേയും താരങ്ങൾ ചേർന്ന് പിൻതിരിഞ്ഞ് നിന്നെടുത്ത ചിത്രം വൈറലാകുന്നു. ഇന്ത്യൻ താരങ്ങളായ അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ന്യൂസീലൻഡ് താരങ്ങളായ രചിൻ രവീന്ദ്ര, അജാസ് പട്ടേൽ എന്നിവർ ചേർന്നുനിൽക്കുന്ന ചിത്രമാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. ഇന്ത്യൻ താരം അശ്വിൻ എടുത്ത ഈ ചിത്രം ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്.

നാലു പേരും അവരുടെ ജഴ്സിയിലെ പേരു കാണിക്കുന്ന രീതിയിലാണ് ഈ ചിത്രമെടുത്തത്. അതിൽ ഒരു കൗതുകമുണ്ടായിരുന്നു. നാലു താരങ്ങളുണ്ടെങ്കിലും അതിൽ രണ്ട് താരങ്ങളുടെ പേര് മാത്രമേയുള്ളു. ഇന്ത്യൻ താരങ്ങളായ അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരുടെ പേരുകൾ മാത്രം.

ചിത്രത്തിൽ ആദ്യം നിൽക്കുന്ന അക്സർ പട്ടേൽ അണിഞ്ഞിരിക്കുന്നത് 'അക്സർ' എന്നെഴുതിയ ജഴ്സിയാണ്. രണ്ടാമത് നിൽക്കുന്ന അജാസ് പട്ടേൽ, 'പട്ടേൽ' എന്നു പേരെഴുതിയ ജഴ്സിയാണ് ധരിച്ചിരിക്കുന്നത്. മൂന്നാമത് നിൽക്കുന്ന രചിൻ രവീന്ദ്ര 'രവീന്ദ്ര' എന്ന പേരും നാലാമതുള്ള രവീന്ദ്ര ജഡേജ 'ജഡേജ' എന്ന പേരുമാണ് ജഴ്സിയിൽ എഴുതിയിരിക്കുന്നത്. ഇതോടെ ക്രമത്തിൽ നോക്കുമ്പോൾ 'അക്സർ പട്ടേൽ', 'രവീന്ദ്ര ജഡേജ' എന്നീ പേരുകളാണ് കാണുന്നത്. ന്യൂസീലൻഡിനായി കളിക്കുന്ന അജാസ് പട്ടേലും രചിൻ രവീന്ദ്രയും ഇന്ത്യൻ വംശജരാണ്.

അതേസമയം, രണ്ടാം ടെസ്റ്റിൽ കിവികളെ 372 റൺസിന് തകർത്ത് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ (1-0) സ്വന്തമാക്കി. സ്‌കോർ ഇന്ത്യ 325, ഏഴിന് 276 ഡിക്ലയേർഡ്, ന്യൂസിലാൻഡ് 62, 167 540 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 167 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർ. അശ്വിനും ജയന്ത് യാദവുമാണ് കിവീസിനെ തകർത്തത്. അഞ്ചിന് 140 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് 27 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. രണ്ടാം ഇന്നിങ്സിൽ വെറും 62 റൺസിന് പുറത്തായ കിവീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റൺസെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

Similar Posts