
ഏഷ്യാകപ്പ്: ‘കൈകൊടുക്കൽ ആചാരം’ ലംഘിച്ച് സൂര്യകുമാർ; പാകിസ്താന് രണ്ട് വിക്കറ്റ് നഷ്ടം
|ദുബൈ : ബഹിഷ്‍കരണ ആഹ്വാനങ്ങൾ നിലനിൽക്കുന്നതിനിടെ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗക്ക് കൈകൊടുക്കാൻ വിസമ്മതിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. മത്സരത്തിൽ പാക് ക്യാപ്റ്റന് സൂര്യകുമാർ ഹസ്തദാനം നല്കില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. തീരുമാനം സൂര്യകുമാർ ടീം മാനേജ്മെന്റിനെ നേരത്തെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടോസിന് ശേഷം കൈകൊടുക്കാതെ ഇരു ക്യാപ്ടന്‍മാരും ടീം ലിസ്റ്റ് അംപയറെ ഏല്‍പിച്ച ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു.പഹല്‍ഗാം ആക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ ഇന്ത്യ -പാക് ക്രിക്കറ്റ് മത്സരമാണിത്. രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും മത്സരം ബഹിഷ്‍കരിക്കണമെന്നാവശ്യപ്പെട്ട് ആഹ്വാനങ്ങളുയർന്നിരുന്നു.
ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. ഓപ്പണറായ സലീം അയൂബിനെ (0) ഹാർദിക് പാണ്ഡ്യയും മുഹമ്മദ് ഹാരിസിനെ ജസ്പ്രീത് ബുംറയും (3) പുറത്താക്കി. ഫഖർസമാനും സാഹിബ് സാദ ഫർഹാൻ സഖ്യം പാകിസ്താനെ കരകയറ്റാനുള്ള ശ്രമത്തിലാണ്.