< Back
Cricket
Ravi Chandra Aswin

രവിചന്ദ്ര അശ്വിന്‍

Cricket

പുറത്തിരുത്തിയവർക്ക് അശ്വിന്റെ 'സമ്മാനം': ഒന്നല്ല, രണ്ട് റെക്കോർഡുകൾ...

Web Desk
|
13 July 2023 11:40 AM IST

ടെസ്റ്റ് ക്രിക്കറ്റിൽ നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടമാണ് അശ്വിനെ തേടി എത്തിയത്.

ഡൊമിനിക്ക: ആദ്യ ടെസ്റ്റിൽ വെസ്റ്റ്ഇൻഡീസിനെ വൻ തകർച്ചയിലേക്ക് തള്ളിയിട്ടത് രവിചന്ദ്ര അശ്വിൻ. അഞ്ച് വിക്കറ്റുകൾ അശ്വിൻ വീഴ്ത്തിയപ്പോൾ വിൻഡീസ് 150ന് എല്ലാവരും പുറത്ത്. അഞ്ച് വിക്കറ്റ് പ്രകടനത്തോടെ അശ്വിനെ തേടി രണ്ട് റെക്കോർഡുകളും തേടി എത്തി. ടെസ്റ്റ് ക്രിക്കറ്റിൽ നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടമാണ് അശ്വിനെ തേടി എത്തിയത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പുറത്തിരുത്തിയ അശ്വിന്റെ മധുര പ്രതികാരം. എറിഞ്ഞ 24.3 ഓവറിനുള്ളിൽ തന്നെ അശ്വിൻ അഞ്ച് പേരെ പറഞ്ഞയച്ചു. വിൻഡീസ് നായകൻ ക്രെയ്ഗ് ബ്രാത്ത് വെയറ്റ്, ടാഗ്‌നരൈൻ ചന്ദർപോൾ, അലിക് അതാനസെ, അല്‍സാരി ജോസഫ്, ജോമൽ വാരികൻ എന്നിവരെയാണ് അശ്വിൻ പുറത്താക്കിയത്. ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്‌സണെ പിന്തള്ളിയാണ് അശ്വിന്റെ നേട്ടം. 33 തവണയാണ് അശ്വിൻ അഞ്ച് വിക്കറ്റ് നേടിയത്.

ജയിംസ് ആൻഡേഴ്‌സൺ 32 തവണയും. ആന്‍ഡേഴ്സണ്‍ ഇപ്പോഴും ഇംഗ്ലണ്ടിന്റെ ഭാഗമാണ്. ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയത് ശ്രീലങ്കയുടെ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. 67 അഞ്ച് വിക്കറ്റ് പ്രകടനമാണ് മുത്തയ്യയുടെ പേരിൽ. പിന്നാലെ ഷെയിൻ വോൺ(37) മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ റിച്ചാർഡ് ഹാഡ്‌ലി(36) ഇന്ത്യയുടെ അനിൽ കുംബ്ലെ(35) ശ്രീലങ്കയുടെ രങ്കന ഹെരാത്ത്(34) എന്നിവരാണ് ഈ പട്ടികയിൽ മുരളിക്ക് പിന്നിലുള്ളവർ. വിൻഡീസിനെതിരെ തന്നെ അശ്വിൻ അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഹർഭജൻ സിങിനും അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടമുണ്ട്.

അതേസമയം കരീബിയൻ മണ്ണിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേടുന്ന ബൗളർക്കൊപ്പമെത്താനും അശ്വിനായി. ബൗൾഡിലൂടെ ഏറ്റവും കൂടുതൽ തവണ വിക്കറ്റ് വീഴ്ത്തുന്ന ബൗളറാകാനും അശ്വിനായി. കുംബ്ലെയേയാണ് അശ്വിൻ മറികടന്നത്. കരിയറില്‍ 700 വിക്കറ്റുകളാണ് അശ്വിന്‍ ആകെ വീഴ്ത്തിയത്. 271 മത്സരങ്ങളിൽ നിന്ന് 25.83 ശരാശരിയിലായിരുന്നു അശ്വിന്റെ സമ്പാദ്യം. 7/59 ആണ് മികച്ച നേട്ടം.

Similar Posts