< Back
Cricket
ഇന്ത്യക്കെതിരെ ആസ്‌ട്രേലിയക്ക് തകർപ്പൻ ജയം; അഭിഷേക് ശർമയുടെ അർദ്ധ സെഞ്ച്വറി പാഴായി
Cricket

ഇന്ത്യക്കെതിരെ ആസ്‌ട്രേലിയക്ക് തകർപ്പൻ ജയം; അഭിഷേക് ശർമയുടെ അർദ്ധ സെഞ്ച്വറി പാഴായി

Sports Desk
|
31 Oct 2025 6:21 PM IST

മെൽബൺ: ഇന്ത്യ - ആസ്‌ട്രേലിയ ട്വന്റി - 20 പരമ്പരയിൽ രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ അർദ്ധ സെഞ്ച്വറി പാഴായി. ആസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് മൂന്നു വിക്കറ്റുകളും സേവിയർ ബാർട്ലറ്റും നാഥാൻ എല്ലിസും രണ്ട് വിക്കറ്റുകൾ വീതവും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പാളിച്ചകൾ നേരിട്ടു. മത്സരം തുടങ്ങി മൂന്നാം ഓവറിൽ തന്നെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. ജോഷ് ഹേസൽവുഡ് ആണ് വിക്കറ്റ് നേടിയത്. പിന്നാലെ വന്ന സഞ്ജു സാംസണും തൊട്ടടുത്ത ഓവറിൽ നാഥാൻ എല്ലിസിന്റെ ബോളിൽ പുറത്തായി. അഞ്ചാമത്തെ ഓവറിൽ ഇന്ത്യക്ക് വില്ലനായി വീണ്ടും ജോഷ് ഹേസൽവുഡ് തന്നെയെത്തി. മൂന്നു ബോളിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും തിലക് വർമയേയും ജോഷ് ഇഗ്ലീസിന്റെ കയ്യിലെത്തിച്ച് പുറത്താക്കി. എട്ടാമത്തെ ഓവറിൽ വെറും ഏഴു റൺസുമായി അക്‌സർ പട്ടേൽ റൺ ഔട്ടാകുമ്പോൾ സ്കോർ നില അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് എന്ന നിലയിലായിരുന്നു. ആറാമനായെത്തിയ ഹർഷിത് റാണയുടെയൊപ്പം ചേർന്ന് അഭിഷേക് ശർമ കൂട്ടിച്ചേർത്ത 56 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോർ 100 റൺസ് കടക്കാൻ സഹായിച്ചത്. എന്നാൽ 16ാം ഓവറിൽ ഹർഷിത് റാണ പുറത്തായതോടെ വീണ്ടും തകർച്ച നേരിട്ടു. അവസാന 20 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള വിക്കറ്റുകളും നഷ്ടമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയക്ക് ഓപ്പണർമാരായ മിച്ചൽ മാർഷും ട്രാവിസ് ഹെഡും മികച്ച തുടക്കമാണ് നൽകിയത്. അഞ്ചാം ഓവറിൽ ട്രാവിസ് ഹെഡ് 28 റൺസുമായി പുറത്താകുമ്പോൾ സ്കോർ 50 റൺസ് കടന്നിരുന്നു. വരുൺ ചക്രവർത്തിയാണ് ഹെഡിനെ പുറത്താക്കിയത്. എട്ടാം ഓവറിൽ മിച്ചൽ മാർഷിലനെ പുറത്താക്കി കുൽദീപ് യാദവ് രണ്ടാം വിക്കറ്റും എടുത്തു. ടിം ഡേവിഡ് ഒമ്പതാം ഓവറിലും പുറത്തായി. ക്രീസിലുണ്ടായിരുന്ന ജോഷ് ഇംഗ്ലിസും മിച്ചൽ ഓവനും ചേർന്ന് റൺ കൂട്ടിച്ചേർത്തു. 12ാം ഓവറിൽ ഇംഗ്ലിസിനെ കുൽദീപ് യാദവ് പുറത്താക്കി. 13ാം ഓവറിൽ രണ്ട് ബോളുകളിൽ ഓവനും ഷോർട്ടും പുറത്തായി. ജസ്പ്രീത് ബുംറയാണ് രണ്ട് വിക്കറ്റുകളും നേടിയത്. പക്ഷെ മർക്കസ് സ്റ്റോയ്‌നിസും സാവിയ ബാർട്ലറ്റും ചേർന്ന് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചു.

അഞ്ചു മൽസരങ്ങളുള്ള പരമ്പരയിലെ അടുത്ത മത്സരം ഞായറാഴ്ച ബെല്ലെറിവയിലെ നിഞ്ച സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. കാൻബറയിൽ വെച്ച് നടന്ന ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിലെ ആസ്ട്രേലിയയുടെ ജയത്തോടെ പരമ്പരയിൽ ആതിഥേയർ 1-0 ന് മുന്നിലാണ്.

Similar Posts