< Back
Cricket
South Africa wins World Test Championship; beats Australia by 5 wickets
Cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് ; ആസ്‌ത്രേലിയക്കെതിരെ 5 വിക്കറ്റ് ജയം

Sports Desk
|
14 Jun 2025 5:38 PM IST

27 വർഷത്തിന് ശേഷമാണ് പ്രോട്ടീസ് സംഘം ഐസിസി കീരീടം സ്വന്തമാക്കുന്നത്.

ലണ്ടൻ: ആസ്‌ത്രേലിയയെ കീഴടക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 27 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പ്രോട്ടീസ് സംഘം ഐസിസി ട്രോഫിയിൽ പേരെഴുതിചേർത്തത്. രണ്ടാം ഇന്നിങ്‌സിൽ ആസ്‌ത്രേലിയ ഉയർത്തി 282 റൺസ് വിജയ ലക്ഷ്യം നാലാംദിനം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 136 റൺസെടുത്ത എയ്ഡൻ മാർക്രമാണ് പ്രോട്ടീസിന് വിജയമൊരുക്കിയത്. ഡേവിഡ് ബെഡിങ്ഹാമും(21) കെയിൽ വെരെയ്‌നെയും(4) പുറത്താകാതെ നിന്നു.

ലോഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് 213-2 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന് 69 റൺസായിരുന്നു ലക്ഷ്യത്തിന് വേണ്ടിയരുന്നത്. എന്നാൽ സ്‌കോർബോർഡിൽ നാല് റൺസ് ചേർക്കുന്നതിനിടെ ക്യാപ്റ്റൻ ടെംബ ബാവുമയെ (66) ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. പാറ്റ് കമ്മിൻസിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയ്ക്ക് പിടികൊടുത്താണ് ബാവുമ പുറത്തായത്. എന്നാൽ ഒരുഭാഗത്ത് ഉറച്ചുനിന്ന എയ്ഡൻ മാർക്രം ട്രിസ്റ്റൻ സ്റ്റബ്‌സിനേയും ഡേവിഡ് ബെഡിങ്ഹാമിനേയും കൂട്ടുപിടിച്ച് ലക്ഷ്യത്തിലേക്ക് ബാറ്റുവീശുകയായിരുന്നു.

ലക്ഷ്യത്തിന് തൊട്ടുമുൻപായി മാർക്രത്തെ(136) ജോഷ് ഹേസൽവുഡ് പുറത്താക്കി. എന്നാൽ ബെഡിങ്ഹാമും വരേനെയും ചേർന്ന് പ്രോട്ടീസുകാരെ ചരിത്രവിജയതീരത്തെത്തിച്ചു. നിർണായകമായ രണ്ടാംദിനത്തിൽ സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രത്തിന്റേയും ടെംബ ബവുമയുടേയും ബാറ്റിങാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. മൂന്നാം വിക്കറ്റിലും ഇരുവരും ചേർന്ന് 147 റൺസാണ് കൂട്ടിചേർത്തത്. ഓസീസ് രണ്ടാം ഇന്നിങ്‌സിൽ 207 റൺസിന് ഓൾഔട്ടായിരുന്നു.

Similar Posts