
2.3 ഓവറിനിടെ അഞ്ചുവിക്കറ്റ്; വിൻഡീസിനെതിരെ ടെസ്റ്റിൽ റെക്കോർഡ് തിളക്കത്തിൽ സ്റ്റാർക്ക്
|ആറു വിക്കറ്റെടുത്ത സ്റ്റാർക്കിന്റെ മികവിൽ വിൻഡീസ് രണ്ടാം ഇന്നിങ്‌സിൽ 27 റൺസിന് ഓൾഔട്ടായി
'' രണ്ട് ഓവർ കൊണ്ട് മത്സരഗതിയെ മാറ്റിമറിക്കാൻ സാധിക്കുന്ന താരമാണ് അയാൾ. ഫോർമാറ്റ് ഏതാണെങ്കിലും, സാഹചര്യം ഏത് തന്നെയായാലും അയാളെ വിശ്വസിച്ച് പന്തേൽപ്പിക്കാം''. വെസ്റ്റിൻഡീസിനെതിരായ പരമ്പര വിജയത്തിന് ശേഷം മിച്ചൽ സ്റ്റാർക്ക് എന്ന ഓസീസ് പ്രീമിയം പേസറെ കുറിച്ച് പാറ്റ് കമ്മിൻസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. കരിയറിലെ സായാഹ്നത്തിലും ഹോമിലും എവേയിലും ഓസീസ് വജ്രായുധം താൻ തന്നെയാണെന്ന് അയാൾ തെളിയിച്ചുകൊണ്ടേയിരിക്കുയാണ്.
ജമൈക്കയിലെ സബീന പാർക്ക് ഇന്നലെയൊരു കൂട്ടകുരുതിക്കാണ് വേദിയായത്. ലോഡ്സിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് അഞ്ചാംദിനം അവസാന സെഷൻ വരെ ആവേശം നീണ്ടുനിന്നപ്പോൾ അങ്ങകലെ കിങ്സ്റ്റണിലെ ഡേ-നൈറ്റ് ടെസ്റ്റിൽ കാര്യങ്ങൾ എല്ലാം പെട്ടന്നായിരുന്നു. സ്റ്റാർക്ക് എന്ന ഒറ്റയാനായിരുന്നു അതിന്റെ കാരണക്കാരനായത്. രണ്ടാം ഇന്നിങ്സിൽ 204 റൺസ് വിജയ ലക്ഷ്യവുമായി ക്രീസിലിറങ്ങുമ്പോൾ റോസ്റ്റൻ ചേസിന്റെ കരീബിയൻ സംഘം വിജയപ്രതീക്ഷകളുണ്ടായിരുന്നു. ഓസീസിനെതിരായ പരമ്പരയിലെ ഒരു ടെസ്റ്റ് എങ്കിലും ജയിച്ച് പരാജയഭാരം കുറിക്കാമെന്ന വിശ്വാസം. സ്വന്തം കാണികൾക്ക് മുന്നിൽ പിങ്ക്ബോൾ ക്രിക്കറ്റിലൊരു ജയം അവർ അതിയായി ആഗ്രഹിച്ചു. എന്നാൽ ആതിഥേയരുടെ പ്രതീക്ഷകൾക്ക് സബീന പാർക്കിൽ നിമിഷായുസ് മാത്രമാണുണ്ടായിരുന്നത്. തങ്ങൾ നേരിടുന്നത് ഒര ബ്രൂട്ടൽ അറ്റാക്കിനെയാണെന്ന് അവർ തിരിച്ചറിഞ്ഞു.

മിച്ചൽ സ്റ്റാർക്കിന്റെ തീപാറും പന്തുകൾക്ക് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന ദാരുണദൃശ്യങ്ങൾക്കാണ് ആരാധകകൂട്ടം സാക്ഷ്യം വഹിച്ചത്. രണ്ടാം ഇന്നിങ്സിൽ വെറും 27 റൺസിന് എല്ലാവരും പുറത്ത്. ഏഴു ബാറ്റർമാർ പൂജ്യത്തിനാണ് കൂടാരം കയറിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടൽ എന്ന നാണക്കേടിലേക്കും വിൻഡീസ് എടുത്തെറിയപ്പെട്ടു. 1955ൽ ഇംഗ്ലണ്ട് ബൗളിങിനെതിരെ 26 റൺസിന് തകർന്നടിഞ്ഞ ന്യൂസിലാൻഡാണ് പട്ടികയിൽ ഒന്നാമത്. ആറു വിക്കറ്റെടുത്ത സ്റ്റാർക്കിനൊപ്പം ഹാട്രിക്കുമായി സ്‌കോട്ട് ബോളണ്ടും ഒരുവിക്കറ്റുമായി ജോഷ് ഹേസൽവുഡും സപ്പോട്ടിങ് റോളിൽ തിളങ്ങിയതോടെ വെറും 14.3 ഓവറിനിടെ വിൻഡീസന്റെ കഥയവസാനിച്ചു. 176 റൺസിന്റെ ജയവുമായി പരമ്പര 3-0ന് വൈറ്റ് വൈഷ് ചെയ്യാനും സന്ദർശകർക്കായി

കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന മിച്ചൽ സ്റ്റാർക്കിന് സ്വന്തം ടീമിന് ഇതിലും മികച്ചൊരു ട്രിബ്യൂട്ട് നൽകാനുണ്ടാവില്ല. നൂറാം ടെസ്റ്റിന്റെ ഓവർ ഹൈപ്പ് അയാളെ മൂന്നാം ടെസ്റ്റിന് മുൻപ് വല്ലാതെ അലട്ടിയിരുന്നു. ഇത് തന്നെ അസ്വസ്തനാക്കുന്നതായി താരം ഒരുവേള പരസ്യമായി പ്രതികരിക്കുകയും ചെയ്തു. എന്നാൽ പിങ്ക്ബോളിൽ അയാൾ തന്റെ പ്രതിഭയെ ഒരിക്കൽകൂടി അടയാളപ്പെടുത്തി. അഞ്ച് വിക്കറ്റ് സ്വന്തമാക്കാൻ ഓസീസ് പേസർക്ക് എറിയേണ്ടിവന്നത് വെറും 15 പന്തുകളായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ അഞ്ചു വിക്കറ്റ് റെക്കോർഡും ഇതോടെ താരംസ്വന്തം പേരിലേക്ക് മാറ്റി. ആദ്യ ഓവറിൽ തന്നെ മൂന്ന് വിൻഡീസ് ബാറ്റർമാരെ പറഞ്ഞയച്ച് ഈ 35 കാരൻ നൽകിയത് വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനയായിരുന്നു.

വിൻഡീസ് ഇന്നിങ്സിലെ ആദ്യപന്തിൽ പെർഫെക്ട് ഔട്ട്സിങറിലൂടെ ജോൺ കംബെല്ലിനെ പുറത്താക്കിയാണ് സ്റ്റാർക്ക് വേട്ടക്ക് തുടക്കമിട്ടത്. ആദ്യപന്തിൽ തന്നെ എതിർ ബാറ്ററെ പറഞ്ഞയക്കുന്നത് കരിയറിൽ ഇത് നാലാംതവണ. നാല് പന്തുകൾക്ക് ശേഷം അരങ്ങേറ്റക്കാരൻ കെവ്ലോൺ ആൻഡേഴ്സണും അയാൾക്ക് മുന്നിൽ നിരായുധനായി. അവസാനപന്തിൽ ബ്രെൻഡൻ കിങിനേയും പൂജ്യത്തിന് മടക്കിയതോടെ ആദ്യഓവർ അവസാനിക്കുമ്പോൾ വിൻഡീസ് സ്‌കോർബോർഡിൽ റൺസിന്റെ സ്ഥാനത്ത് പൂജ്യവും വിക്കറ്റിന്റെ സ്ഥാനത്ത് മൂന്നുമാണ് കാണിച്ചത്. ആദ്യഓവറിന് പിന്നാലെ അടുത്തതും മെയ്ഡനാക്കിയ സ്റ്റാർക്ക് മൂന്നാം ഓവറിലെ ആദ്യപന്തിലും മൂന്നാംപന്തിലും വിക്കറ്റ് പിഴുത് ഫൈഫർ നേട്ടവുമായി ചരിത്രത്തിലേക്ക് ചുവടുവെച്ചു. 1947ൽ ഇന്ത്യക്കെതിരെ ഓസീസ് താരം എർണി ടൊഷാകിന്റെ റെക്കോർഡാണ് സ്റ്റാർക്ക് തിരുത്തികുറിച്ചത്.

ഇതിനിടെ ഓപ്പണർ ലൂയിസിനെ വിക്കറ്റിന് മുന്നിൽകുരുക്കി 400 വിക്കറ്റ് എന്ന മൈൽസ്റ്റോണും സ്റ്റാർക്കിനെ തേടിയെത്തി. ഷെയിൻ വോണിനും ഗ്ലെൻ മഗ്രാത്തിനും നഥാൻ ലയോണിനും ശേഷം മാന്ത്രിക സംഖ്യയിൽ തൊടുന്ന ഓസീസുകാരൻ. കിങ്സ്റ്റൺ ടെസ്റ്റിൽ രണ്ടിന്നിങ്സിലുമായി ഏഴ് വിക്കറ്റാണ് സ്റ്റാർക്ക് പിഴുതെടുത്തത്. മൂന്ന് മത്സരങ്ങളടങ്ങിയ സീരിസിൽ ആകെ 15 വിക്കറ്റാണ് നേട്ടം. 24 പന്തിൽ 11 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സിന് മാത്രമാണ് കരീബിയൻ നിരയിൽ രണ്ടക്കം കാണാനായത്. നേരത്തെ ആദ്യ ഇന്നിങ്സിൽ 225 റൺസെടുത്ത ഓസീസ് വിൻഡീസിനെ 143ന് തളച്ച് 82 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ വിൻഡീസ് പേസ് പോരാട്ടവീര്യത്തിൽ കങ്കാരുപ്പട തകർന്നടിഞ്ഞു. 121 റൺസിൽ ഓൾഔട്ട്. അഞ്ചു വിക്കറ്റുമായി അൽസാരി ജോസഫും നാല് വിക്കറ്റുമായി ഷമാർ ജോസഫുമാണ് ഓസീസ് നിരയെ പിടിച്ചുകെട്ടിയത്. എന്നാൽ മൂന്നാംദിനം കളിപിടിച്ച് ഓസീസ് പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ആധികാരികമായി തുടങ്ങി

ടെസ്റ്റ് ക്രിക്കറ്റിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് വെസ്റ്റിൻഡീസ് ടീം ഇപ്പോൾ. ബോർഡുമായുള്ള സാലറി തർക്കവും താരങ്ങളുടെ കൊഴിഞ്ഞുപോക്കും പടലപിണക്കവുമെല്ലാമായി പ്രതിസന്ധികാലം. ട്വന്റി 20 ക്രിക്കറ്റിന്റെ അപ്രമാധിത്വവും കരീബിയൻ റെഡ്ബോൾ ക്രിക്കറ്റിന് ചരമഗീതമെഴുതി. വിവിയൻ റിച്ചാർഡ്സും ബ്രയാൻലാറയും ശിവ്നാരായൺ ചന്ദ്രപോളും ക്ലൈവ് ലോയ്ഡും ക്രിസ്ഗെയിലുമെല്ലാം തീർത്തത് ഇന്നൊരു നൊസ്റ്റാജിജയായി മാത്രമായി മാറി. ബ്രെൻഡൻ കിങ്... ജോൺ കാംബെൽ... കെവ്ലോൺ ആൻഡേഴ്സൺ.. പ്രതീക്ഷയുടെ കെടാവിളക്കായി ചില താരങ്ങൾ ആ നിരയിലുണ്ട്. കരീബിയൻ ക്രിക്കറ്റിലെ വസന്തകാലം തിരിച്ചുവരുമോ... കാത്തിരുന്നു കാണാം.