< Back
Cricket
ടി20 ലോകകപ്പ് യോഗ്യത: ബംഗ്ലാദേശിനെ അട്ടിമറിച്ച് സ്‌കോട്ട്‌ലാൻഡ്‌
Cricket

ടി20 ലോകകപ്പ് യോഗ്യത: ബംഗ്ലാദേശിനെ അട്ടിമറിച്ച് സ്‌കോട്ട്‌ലാൻഡ്‌

Web Desk
|
18 Oct 2021 8:00 AM IST

53 റൺസെടുക്കുന്നതിനിടെ സ്‌കോട്ട്‌ലാൻഡിന്റെ ആറ് വിക്കറ്റ് വീഴ്ത്തിയെങ്കിലും പിന്നീടാണ് സ്‌കോട്ട്‌ലാൻഡ് കളം പിടിച്ചത്. ക്രിസ് ഗ്രീവ്‌സും മാർക്ക് വാറ്റും ചേർന്നാണ് സ്‌കോട്ട്‌ലാൻഡിനെ കരകയറ്റിയത്

ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ആദ്യ അട്ടിമറി. ക്രിക്കറ്റില്‍ അത്രയൊന്നും മേല്‍വിലാസമില്ലാത്ത സ്കോട്ട്ലാന്‍ഡാണ് ബംഗ്ലാദേശിനെ അട്ടിമറിച്ചത്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ആറ് റണ്‍സിനായിരുന്നു സ്കോട്ടിഷ് പടയുടെ വിജയം. ഓൾറൗണ്ട് പ്രകടനം നടത്തിയ ക്രിസ് ഗ്രീവ്സാണ് സ്കോട്ട്ലാന്‍ഡിന് മനോഹര വിജയം സമ്മാനിച്ചത്. അദ്ദേഹം തന്നെയാണ് കളിയിലെ താരവും.

ടോസ് നേടിയ ബംഗ്ലാദേശ് സ്‌കോട്ട്‌ലാൻഡിനെ ബാറ്റിങിനയക്കുകയായിരുന്നു. ചെറിയ സ്‌കോറിന് സ്‌കോട്ട്‌ലാൻഡിനെ ഒതുക്കി കളി വേഗത്തിൽ തീർക്കാമെന്നായിരുന്നു ബംഗ്ലാദേശിന്റെ കണക്കുകൂട്ടൽ. എന്നാൽ എല്ലാം തെറ്റി. 20 ഓവറിൽ സ്‌കോട്ട്‌ലാൻഡ് നേടിയത് 140 എന്ന പൊരുതാവുന്ന സ്‌കോർ. ഒമ്പത് വിക്കറ്റ് മാത്രമെ ബംഗ്ലാദേശിന് വീഴ്ത്താനായുള്ളൂ.

53 റൺസെടുക്കുന്നതിനിടെ സ്‌കോട്ട്‌ലാൻഡിന്റെ ആറ് വിക്കറ്റ് വീഴ്ത്തിയെങ്കിലും പിന്നീടാണ് സ്‌കോട്ട്‌ലാൻഡ് കളം പിടിച്ചത്. ക്രിസ് ഗ്രീവ്‌സും മാർക്ക് വാറ്റും ചേർന്നാണ് സ്‌കോട്ട്‌ലാൻഡിനെ കരകയറ്റിയത്. ഗ്രീവ്‌സ് 45 റൺസ് നേടി. അതും 28 പന്തുകളിൽ നിന്ന്. നാല് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഗ്രീവ്‌സിന്റെ ഇന്നിങ്‌സ്. മാർക്ക് വാറ്റ് 22 റൺസ് നേടി. 17 പന്തുകളിൽ നിന്ന് രണ്ട് ബൗണ്ടറി സഹിതമായിരുന്നു വാറ്റിന്റെ ഇന്നിങ്‌സ്. വാലറ്റവും ചേർന്നതോടെ സ്‌കോട്ട്‌ലാൻഡ് സ്‌കോർ 140 കടന്നു. ബംഗ്ലാദേശിനായി മെഹദി ഹസൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

പന്തെടുത്തപ്പോൾ സ്കോട്ടിഷ് നിര വിശ്വരൂപം പുറത്തെടുത്തു. പതിനെട്ട് റൺസിനിടെ ബംഗ്ലാദേശിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി... ഷാക്കിബ് അൽഹസനും മുശ്ഫിക്കുറഹീമും അൽപനേരം പിടിച്ചു നിന്നു. ശേഷം ക്രിസ് ഗ്രീവിസിന്റെ 2 വിക്കറ്റ് പ്രകടനം. അവസാന ഓവറുകളിലെ മികച്ച ഫീൾഡ് കൂടി ചേർന്നപ്പോൾ ബംഗ്ലാദേശിന് സ്കോട്ട്ലൻഡിന്റെ ഷോക്ക് ട്രീറ്റ്മെന്റ്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുക്കാനെ ബംഗ്ലാദേശിന് ആയുള്ളൂ. 38 റൺസെടുത്ത മുഷ്ഫിഖുർ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. മൂന്ന് ഓവറിൽ 19 റൺസ് വിട്ടുകൊടുത്തായിരുന്നു ക്രിസ് ഗ്രീവ്‌സിന്റെ പ്രകടനം.

Similar Posts