< Back
Cricket
കിങ് കോഹ്‍ലി ഇസ് ബാക്ക്; ഗുജറാത്തിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍
Cricket

കിങ് കോഹ്‍ലി ഇസ് ബാക്ക്; ഗുജറാത്തിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍

Web Desk
|
19 May 2022 11:15 PM IST

ജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി

മുംബൈ: അദ്ദേഹത്തിന്‍റെ പേര് വിരാട് കോഹ്‍ലി എന്നാണ്. അദ്ദേഹമത് ചെയ്യും. കാരണം ഇതിനു മുമ്പും അയാള്‍ എഴുതിത്തള്ളിയവരെ കൊണ്ട് തന്നെ തനിക്ക് വേണ്ടി കയ്യടിപ്പിച്ചിട്ടുണ്ട്. തോറ്റാൽ പുറത്ത്, പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമാണെന്നിരിക്കെ അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്‌സിന്‍റെ മികവിൽ ബാംഗ്ലൂരിന് മിന്നും വിജയം. ഗുജറാത്ത് ഉയര്‍ത്തിയ 169 റണ്‍സ് വിജയക്ഷ്യം ഒരോവറും രണ്ട് പന്തും ബാക്കി നില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ അടിച്ചെടുത്തത്.

വിരാട് കോഹ്‍ലി 54 പന്തില്‍ നിന്ന് രണ്ട് സിക്സുകളുടേയും എട്ട് ഫോറുകളുടേയും അകമ്പടിയില്‍ 73 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ കോഹ്‍ലിയും ക്യാപ്റ്റന്‍ ഡുപ്ലെസിസും ചേര്‍ന്ന് 115 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഡുപ്ലെസിസ് 38 പന്തില്‍ നിന്ന് അഞ്ച് ഫോറുകളുടെ അകമ്പടിയില്‍ 44 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കോഹ്‍ലിക്കൊപ്പം മാക്സ്‍വെല്ലും തകര്‍ത്തടിച്ചപ്പോള്‍ ബാംഗ്ലൂര്‍ അനായാസം വിജയം കൈപിടിയിലാക്കി. മാക്സ്‍വെല്‍‌ 40 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഈ ജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. അടുത്ത മത്സരത്തില്‍ മുംബൈ ഡല്‍ഹിയെ തകര്‍ത്താല്‍ ബാംഗ്ലൂരിന് പ്ലേ ഓഫില്‍ കടക്കാം.

നേരത്തെ അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച നായകൻ ഹർദിക് പാണ്ഡ്യയുടെ മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഹർദിക് 47 പന്തിൽ 62 റൺസുമായി പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി ഹേസൽവുഡ് 2 വിക്കറ്റും മാക്‌സ്‌വെൽ, ഹസരങ്ക എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Similar Posts