< Back
Cricket
sachin
Cricket

‘സച്ചിനെ ടീമിൽ നിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നു,അത് കേട്ട് അദ്ദേഹം ഞെട്ടി’; വെളിപ്പെടുത്തലുമായി മുൻ സെലക്ടർ

Sports Desk
|
12 March 2026 5:27 PM IST

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടർ. സച്ചിൻ വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് തന്നെ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ബി.സി.സി.ഐ ഗൗരവമായി ആലോചിച്ചിരുന്നുവെന്ന് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ വെളിപ്പെടുത്തി.

2012ൽ സച്ചിൻ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുമ്പോഴാണ് സെലക്ഷൻ കമ്മിറ്റി ഇത്തരമൊരു കടുത്ത തീരുമാനത്തെക്കുറിച്ച് ചിന്തിച്ചത്. സച്ചിനെ നേരിട്ട് കണ്ട് സെലക്ഷൻ കമ്മിറ്റിയുടെ നിലപാട് അറിയിക്കാൻ സന്ദീപ് പാട്ടീലിനെയായിരുന്നു ചുമതലപ്പെടുത്തിയത്. "സെലക്ഷൻ കമ്മിറ്റി നിങ്ങൾക്ക് പകരക്കാരനെ തിരയുകയാണെന്ന് സച്ചിനോട് പറഞ്ഞപ്പോൾ അദ്ദേഹം ശരിക്കും ഞെട്ടിപ്പോയി. 'നിങ്ങൾ ഗൗരവമായിട്ടാണോ പറയുന്നത്?' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അതെ എന്ന് തന്നെ എനിക്ക് പറയേണ്ടി വന്നു." - സന്ദീപ് പാട്ടീൽ പറഞ്ഞു.

2012 സച്ചിനെ സംബന്ധിച്ചിടത്തോളം അത്ര മികച്ച വർഷമായിരുന്നില്ല. ആ വർഷം കളിച്ച ഒമ്പത് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വെറും 23.80 എന്ന ശരാശരി മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഒരു സെഞ്ച്വറി പോലും നേടാനാകാത്തതും സെലക്ടർമാരെ സമ്മർദ്ദത്തിലാക്കി.

ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ സെലക്ടർമാർക്ക് അധികാരമുണ്ടെങ്കിലും വിരമിക്കാൻ നിർബന്ധിക്കാൻ കഴിയില്ലെന്ന് പാട്ടീൽ വ്യക്തമാക്കി. ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് കളി തുടരണമെന്നാണ് സച്ചിൻ അറിയിച്ചത്. ഇതിഹാസ താരത്തിന്റെ ആഗ്രഹത്തെ മാനിച്ച് അന്ന് അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം കമ്മിറ്റി വേണ്ടെന്നുവെക്കുകയായിരുന്നു.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അജിൻക്യ രഹാനെ തുടങ്ങിയ ഇന്നത്തെ പ്രമുഖ താരങ്ങളെ ടീമിലെത്തിച്ചത് സന്ദീപ് പാട്ടീൽ ചെയർമാനായ കമ്മിറ്റിയായിരുന്നു. എന്നാൽ സച്ചിനെ മാറ്റാൻ ശ്രമിച്ചതിന്റെ പേരിലാണ് ആളുകൾ തന്നെ ഇന്നും ഓർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2013 നവംബറിൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന വികാരനിർഭരമായ ടെസ്റ്റ് മത്സരത്തോടെയാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത്. 24 വർഷം നീണ്ട തന്റെ ഐതിഹാസിക കരിയറിൽ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് നിലനിർത്തിക്കൊണ്ടായിരുന്നു 'മാസ്റ്റർ ബ്ലാസ്റ്ററുടെ' മടക്കം.

Similar Posts