< Back
Cricket
ബംഗാളിൽ മുഹമ്മദ് ഷമിയെ കളത്തിലിറക്കാൻ ബിജെപി നീക്കം; നിലപാട് വ്യക്തമാക്കാതെ താരം
Cricket

ബംഗാളിൽ മുഹമ്മദ് ഷമിയെ കളത്തിലിറക്കാൻ ബിജെപി നീക്കം; നിലപാട് വ്യക്തമാക്കാതെ താരം

Web Desk
|
8 March 2024 3:10 PM IST

ബംഗാളിന് വേണ്ടിയാണ് താരം ദീർഘകാലമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ മത്സരിപ്പിക്കാൻ ബി.ജെ.പി ശ്രമം. ഇതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം താരവുമായി ആശയവിനിയമം നടത്തി. എന്നാൽ ഷമി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ കാലിന് പരിക്കേറ്റ 33കാരൻ നിലവിൽ ചികിത്സയിലാണ്. വരുന്ന ഐപിഎലും താരത്തിന് നഷ്ടമാകും. ബംഗാളിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിലൂടെ സജീവമായ താരത്തെ ഇറക്കുന്നതിലൂടെ മമതാ ബാനർജിക്ക് കനത്ത തിരിച്ചടി നൽകുകയാണ് ബിജെപി ശ്രമം. ബംഗാളിൽ ന്യൂനപക്ഷ വോട്ടിലേക്ക് കണ്ണുനട്ടാണ് ക്രിക്കറ്ററെ കളത്തിലിറക്കുന്നത്.

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്ച നടത്തിയത് വലിയ വാർത്തയായിരുന്നു. ഉത്തർപ്രദേശിൽ ഷമിയുടെ പേരിൽ സ്റ്റേഡിയം പണിയുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതും ചർച്ചയായിരുന്നു. യുപി സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കളിച്ചാണ് സീനിയർ താരം ദേശീയ ടീമിലേക്കെത്തിയത്. ബസിർഹത് ലോക്സഭ മണ്ഡലത്തിൽ ഷമിയെ മത്സരിപ്പിക്കുന്നതിനെ കുറിച്ചാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും കളിച്ചിട്ടുള്ള മുഹമ്മദ് ഷമി 64 ടെസ്റ്റിൽ 229 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 101 ഏകദിനങ്ങളിൽ നിന്നായി 195 വിക്കറ്റുകളും 23 ട്വൻറി 20കളിൽ 24 വിക്കറ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഉജ്ജ്വല പ്രകടനമാണ് താരം നടത്തിയത്. പരിക്ക് വകവെക്കാതെയാണ് താൻ കളത്തിലിറങ്ങിയതെന്ന് ലോകകപ്പിന് ശേഷം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നേരത്തെ പഞ്ചാബിൻ മുൻ ഇന്ത്യൻ താരം യുവരാജ് സിങിനെ മത്സരിപ്പിക്കാൻ ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് യുവി തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തവണ ഡൽഹിയിൽ നിന്ന് ലോക്‌സഭയിലെത്തിയ ഗൗതം ഗംഭീർ ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഐപിഎൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനാണ് താരമിപ്പോൾ.

Similar Posts