< Back
Cricket
sachin-root
Cricket

‘റെക്കോർഡുകൾ ഇളകിത്തുടങ്ങി’; സച്ചിനെ മറികടക്കുമോ ജോറൂട്ട്​?

Sports Desk
|
1 Sept 2024 7:23 PM IST

ലണ്ടൻ: ഇംഗ്ലീഷ് താരം​ ​ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ ഫോമിൽ ബാറ്റുവീശുന്നത് തുടരവേ ചർച്ചകൾ കൊഴുക്കുന്നു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമധികം റൺസെന്ന റെക്കോർഡ് റൂട്ട് വൈകാതെ മറികടക്കുമെന്നാണ് പലരും പ്രവചിക്കുന്നത്.

നിലവിൽ 145 മത്സരങ്ങളിൽ നിന്നും 12377 റൺസ് നേടിയ ജോറൂട്ട് സച്ചിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. 200 മത്സരങ്ങളിൽ നിന്നും 15921 റൺസാണ് സച്ചിന്റെ പേരിലുള്ളത്. നിലവിൽ സച്ചിനേക്കാൾ 3544 റൺസ് പിന്നിലാണെങ്കിലും ജോറൂട്ട് സമീപകാലത്തായി പുലർത്തുന്ന ഫോം പരിഗണിക്കുമ്പോൾ റെക്കോർഡ് തകർക്കാൻ സാധ്യതയേറെയാണ്.

ഈ വർഷം ഡിസംബറിൽ 34 വയസ്സ് തികയുന്ന റൂട്ടിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏതാനും വർഷങ്ങൾ ഇനിയും ശേഷിക്കുന്നുണ്ട്. കൂടാതെ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങൾ കൂടുതലായി കളിക്കുന്നതും മറ്റൊരു സാധ്യതയാണ്. ആദ്യത്തെ 117 മത്സരങ്ങളിൽ നിന്നും 25 സെഞ്ച്വറിയും 54 അർധ സെഞ്ച്വറിയുമായിരുന്ന​ു റൂട്ടിന്റെ സമ്പാദ്യം. എന്നാൽ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ പദവി ബെൻ സ്റ്റോക്സിന് കൈമാറിയ ശേഷം കൂടുതൽ ശക്തനായ റൂട്ടിനെയാണ് മൈതാനങ്ങൾ കാണുന്നത്. അവസാനത്തെ 28 ടെസ്റ്റുകളിൽ നിന്നും 9 സെഞ്ച്വറികളും 10 അർധ സെഞ്ച്വറികളുമാണ് റൂട്ട് നേടിയത്.

34 സെഞ്ച്വറികൾ നേടിക്കഴിഞ്ഞ റൂട്ട് ഏറ്റവുമധികം ​സെഞ്ച്വറികൾ നേടിയ ഇംഗ്ലീഷ് താരമായി മാറിയിട്ടുണ്ട്. 33 എണ്ണം പേരിലുള്ള അലിസ്റ്റർ കുക്കിനെയാണ് ഇക്കാര്യത്തിൽ റൂട്ട് മറികടന്നത്. നിലവിൽ സച്ചിന് പിറകിൽ രണ്ടാമതുള്ളത് പോണ്ടിങ്ങാണ്. 168 മത്സരങ്ങളിൽ നിന്നും 13378 റൺസാണ് പോണ്ടിങ്ങിന്റെ സമ്പാദ്യം.

Similar Posts