< Back
Cricket
CK Nayudu Trophy: Kerala-Gujarat match ends in a draw
Cricket

സി.കെ നായിഡു ട്രോഫി: കേരളം-ഗുജറാത്ത് മത്സരം സമനിലയിൽ

Sports Desk
|
19 Oct 2025 6:49 PM IST

ആദ്യ ഇന്നിങ്‌സിൽ കേരളം 16 റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു

സൂറത്ത്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ നായിഡു ട്രോഫിയിൽ കേരളവും ഗുജറാത്തും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. അഞ്ച് വിക്കറ്റിന് 287 റൺസെന്ന നിലയിൽ കേരളം രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് രണ്ട് വിക്കറ്റിന് 94 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ആദ്യ ഇന്നിങ്‌സിൽ കേരളം 270 റൺസാണ് സ്‌കോർ ബോർഡിൽ ചേർത്തത്. ഗുജറാത്ത് 286ൽ ഓൾഔട്ടായി.

മൂന്ന് വിക്കറ്റിന് 64 റൺസെന്ന നിലയിലാണ് കേരളം അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. 25 റൺസോടെ എ കെ ആകർഷും മൂന്ന് റൺസോടെ കാമിൽ അബൂബക്കറുമായിരുന്നു ക്രീസിൽ. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 129 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. കാമിൽ 49 റൺസെടുത്ത് പുറത്തായി. ഇതിനിടയിൽ എ കെ ആകർഷ് സെഞ്ച്വറി പൂർത്തിയാക്കി. ഡിക്ലറേഷൻ മുന്നിൽക്കണ്ട് ഇന്നിങ്‌സ് വേഗത്തിലാക്കിയ കേരളത്തിനായി പവൻ ശ്രീധർ 40 പന്തുകളിൽ നിന്ന് 45 റൺസ് നേടി. ക്യാപ്റ്റൻ അഭിജിത് പ്രവീൺ ഒൻപത് പന്തുകളിൽ നിന്ന് 24 റൺസും എ കെ ആകർഷ് 116 റൺസും നേടി പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി കുശൻ ശ്യാം പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന്റെ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ വീഴ്ത്തി ബൗളർമാർ കേരളത്തിന് മികച്ച തുടക്കം നല്കി. അഭിജിത് പ്രവീണായിരുന്നു രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. എന്നാൽ തുടർന്നെത്തിയ രുദ്ര പട്ടേലും കൃഷ് അമിത് ഗുപ്തയും ശക്തമായി നിലയുറപ്പിച്ചതോടെ മത്സരം സമനിലയിലേക്ക് നീങ്ങി. ഗുജറാത്ത് രണ്ട് വിക്കറ്റിന് 94 റൺസെടുത്ത് നില്‌ക്കെ കളി സമനിലയിൽ അവസാനിച്ചു. രുദ്ര പട്ടേൽ 52ഉം കൃഷ് അമിത് ഗുപ്ത 33ഉം റൺസുമായി പുറത്താകാതെ നിന്നു.

Similar Posts