< Back
Cricket
നോക്കി വിരട്ടി ഗപ്റ്റിൽ: തൊട്ടടുത്ത പന്തിൽ തിരിച്ചടിച്ച് ചാഹറും...
Cricket

നോക്കി വിരട്ടി ഗപ്റ്റിൽ: തൊട്ടടുത്ത പന്തിൽ തിരിച്ചടിച്ച് ചാഹറും...

Web Desk
|
18 Nov 2021 9:42 AM IST

മത്സരത്തിൽ ഗപ്റ്റിൽ 70 റൺസ് നേടിയിരുന്നു. 42 പന്തുകളിൽ നിന്ന് മൂന്ന് ഫോറും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഗപ്റ്റിലിന്റെ ഇന്നിങ്‌സ്.

ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിനിടെ കണ്ണ്‌കൊണ്ട് കോർത്ത് ദീപക് ചാഹറും മാർട്ടിൻ ഗപ്റ്റിലും. മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. 18ാം ഓവര്‍ എറിയാനെത്തിയ ദീപക് ചഹാറിനെ ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ചാണ് ഗപ്റ്റില്‍ വരവേറ്റത്. സിക്‌സടിച്ച ശേഷം ഗപ്ടില്‍ ചഹാറിനെ രൂക്ഷമായി നോക്കുകയും ചെയ്തു.

തൊട്ടടുത്ത പന്തില്‍ ഗപ്റ്റിലിന്റെ വിക്കറ്റെടുത്തായിരുന്നു ചഹാര്‍ ഇതിന് മറുപടി നല്‍കിയത്. തീര്‍ന്നില്ല, ഗപ്റ്റിലിനുള്ള മറുപടിയെന്നോണം തിരിച്ചും രൂക്ഷമായി നോക്കിയാണ് ചഹാര്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. മത്സരത്തിൽ ഗപ്റ്റിൽ 70 റൺസ് നേടിയിരുന്നു. 42 പന്തുകളിൽ നിന്ന് മൂന്ന് ഫോറും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഗപ്റ്റിലിന്റെ ഇന്നിങ്‌സ്.

ന്യൂസിലൻഡ് 165 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ ഒരു പക്ഷേ 15-ാം ഓവർ കഴിയും വരെ അനായാസ വിജയം നേടുമെന്നാണ് എല്ലാ ആരാധകരും കരുതിയിരുന്നത്. പക്ഷേ കഥ അവിടെയാണ് ആരംഭിച്ചത്. 15-ാം ഓവർ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്ന ശക്തമായ നിലയിലുണ്ടായിരുന്ന ഇന്ത്യ പിന്നീട് കളി മറക്കുന്ന കാഴ്ചയാണ് കണ്ടത്. 17-ാം ഓവറിൽ ബോൾട്ട് നിലയുറപ്പിച്ച് കളിച്ചിരുന്ന സൂര്യകുമാറിനെ ക്ലീൻ ബൗൾഡാക്കി ഇന്ത്യയെ ആദ്യമൊന്ന് ഞെട്ടിച്ചു. 40 പന്തിൽ 62 റൺസുമായി സൂര്യകുമാർ മടങ്ങി. അടുത്ത ഫെർഗൂസന്റെ ഓവറിൽ നേടാനായത് അഞ്ച് റൺസ്.

അടുത്ത ഓവറിൽ സൗത്തി ശ്രേയസ് അയ്യറിന്റെ വിക്കറ്റ് കൂടി പിഴുതതോടെ ഇന്ത്യ അപകടം മണത്തു. അടുത്തത് അരങ്ങേറ്റക്കാരനൻ വെങ്കടേഷ് അയ്യറിനായിരുന്നു. ആദ്യ പന്തിൽ തന്നെ ബൗണ്ടറി കടത്തി തന്റെ വരവറിയിച്ചുവെങ്കിലും തൊട്ടടുത്ത പന്തിൽ അനാവശ്യമായൊരു റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് വെങ്കടേഷിന് മടങ്ങേണ്ടി വന്നു. പിന്നെ പ്രതീക്ഷ മുഴുവൻ റിഷഭ് പന്തിലായിരുന്നു. ഒടുവിൽ സമ്മർദത്തെ അതിജീവിച്ച് ഡാറിൽ മിച്ചൽ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിനെ ബൗണ്ടറി കടത്തി പന്ത് തന്നിലുള്ള പ്രതീക്ഷ കാത്ത് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു.

Similar Posts