< Back
Cricket
ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും: വിരാട് കോഹ്‍ലി
Cricket

'ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും': വിരാട് കോഹ്‍ലി

Web Desk
|
18 Oct 2021 10:39 AM IST

മങ്ങിയ ഫോമിലുള്ള ആർ അശ്വിനെയും ഭുവനേശ്വർ കുമാറിനെയും കോഹ്ലി പിന്തുണച്ചു. ടി20 ലോകകപ്പിന് മുന്നോടിയായി ഐ.സി.സി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്‍ലി

എം.എസ് ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ക്യാപ്ടൻ വിരാട് കോഹ്‍ലി. മങ്ങിയ ഫോമിലുള്ള ആർ അശ്വിനെയും ഭുവനേശ്വർ കുമാറിനെയും കോഹ്‍ലി പിന്തുണച്ചു. ടി20 ലോകകപ്പിന് മുന്നോടിയായി ഐ.സി.സി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്‍ലി.

ചെറിയ കാര്യങ്ങളിൽ പോലും ധോണി പുലർത്തുന്ന സൂക്ഷ്മതയും പ്രായോഗിക നിർദേശങ്ങളും ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നാണ് ക്യാപ്ടൻ വിരാട് കോഹ്‍ലിയുടെ വിലയിരുത്തൽ. ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽ മടങ്ങിയെത്തുന്നത് ധോണിക്കും സന്തോഷമായിരിക്കും. കരിയർ തുടങ്ങിയ കാലത്ത് താനടക്കമുള്ള യുവതാരങ്ങൾക്ക് ധോണിയുടെ നിർദേശങ്ങൾ ലഭിച്ചിരുന്നു. കരിയറിലെ ആദ്യ മേജർ ടൂർണമെന്റിന് ഒരുങ്ങുന്ന യുവ താരങ്ങൾക്ക് ധോണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നും കോഹ്‍ലി പറഞ്ഞു.

ഐ.പി.എല്ലിൽ നിറം മങ്ങിയെങ്കിലും ഭുവനേശ്വർ കുമാറിന്റെ മത്സര സമ്പത്ത് ലോകകപ്പിൽ നിർണായകമാകുമെന്നാണ് കോഹ്‍ലിയുടെ വിലയിരുത്തൽ. സമ്മർദ ഘട്ടങ്ങളിൽ വിദഗ്ധമായി പന്തെറിയാൻ ഭുവന്വേശ്വർ പര്യാപ്തനാണെന്നും കോഹ്‍ലി പറഞ്ഞു. സ്പിന്നർ ആർ അശ്വിനെയും വിരാട് കോഹ്‍ലി പിന്തുണച്ചു.

പരിമിത ഓവർ ക്രിക്കറ്റിൽ അശ്വിൻ തന്റെ പ്രാഗത്ഭ്യം മെച്ചപ്പെടുത്തിയതിനുള്ള അംഗീകാരമായാണ് അദ്ദേഹത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. ഐ.പി.എൽ മത്സരങ്ങളിൽ മികവുറ്റ ബാറ്റ്സ്മാൻമാർക്കെതിരെയാണ് അശ്വിൻ ബൗൾ ചെയ്തത്. പവർ ഹിറ്റിങ് നടക്കുമ്പോഴും തന്റെ കഴിവിൽ വിശ്വസിച്ച് പന്തെറിയുന്ന ആളാണ് അശ്വിൻ. യുഎഇയിലെ സാഹചര്യങ്ങൾ അശ്വിനെ പോലുള്ള ബൗളർമാർക്ക് ഏറെ അനുകൂലമാണെന്നും കോഹ്‍ലി പറഞ്ഞു.

Similar Posts