< Back
Cricket
22 വർഷത്തിനിടെ ആദ്യമായൊരു നേട്ടം: വെറുതെ വന്നതല്ല ഈ ധ്രുവ് ജുറെൽ
Cricket

22 വർഷത്തിനിടെ ആദ്യമായൊരു നേട്ടം: വെറുതെ വന്നതല്ല ഈ ധ്രുവ് ജുറെൽ

Web Desk
|
26 Feb 2024 6:19 PM IST

ആദ്യ ഇന്നിങ്‌സിലെ 90 റൺസിന് സെഞ്ച്വറിയുടെ മൂല്യമുണ്ടായിരുന്നു.

റാഞ്ചി: അരങ്ങേറ്റ പരമ്പരയിലെ കളിക്കുന്ന രണ്ടാം ടെസ്റ്റില്‍ തന്നെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ത്രില്ലിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായെ ഒരു വിക്കറ്റ് കീപ്പര്‍ക്ക് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായിട്ടുള്ളൂ. 22 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായണ് അരങ്ങേറ്റ പരമ്പരയില്‍ തന്നെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ വിക്കറ്റ് കീപ്പര്‍മാര്‍ കളിയിലെ താരമാകുന്നത് അപൂര്‍വമാണ്. 90 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള എം എസ് ധോണി ഇതുവരെ രണ്ടേ രണ്ടു തവണ മാത്രമാണ് കളിയിലെ താരമായത്. 33 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള റിഷഭ് പന്തും രണ്ട് തവണ കളിയിലെ താരമായി.

44 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള നയന്‍ മോംഗിയ, 39 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള വൃദ്ധിമാന്‍ സാഹ, ആറ് ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള അജയ് രത്ര എന്നിവരാണ് ഓരോ തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടവര്‍. അവിടെയാണ് വെറും രണ്ടാം ടെസ്റ്റില്‍ തന്നെ കളിയിലെ താരമായി ജുറെല്‍ വരവറിയിച്ചത്.

90, 39 എന്നിങ്ങനെയായിരുന്നു ധ്രുവ് ജുറെലിന്റെ സ്‌കോറുകൾ. ആദ്യ ഇന്നിങ്‌സിലെ 90 റൺസിന് സെഞ്ച്വറിയുടെ മൂല്യമുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന്റെ പരിസരത്ത് എത്തിയത് ജുറെലിന്റെ ഈ ഇന്നിങ്‌സ് കരുത്തിലായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ കട്ടചെറുത്ത് നിൽപ്പും താരംനടത്തി. 77 പന്തുകളിൽ നിന്നായിരുന്നു താരത്തിന്റെ 39 റൺസ്. 120ന് അഞ്ച് എന്ന നിലയിൽ തകർന്നിടത്ത് നിന്നാണ് ജുറെലിന്റെ മഹാ ഇന്നിങ്‌സ്.

Similar Posts