< Back
Cricket
സർഫറാസിനെ വെട്ടിയത് ഋഷഭ് പന്തിന് വേണ്ടിയോ?
Cricket

സർഫറാസിനെ വെട്ടിയത് ഋഷഭ് പന്തിന് വേണ്ടിയോ?

Sports Desk
|
22 Oct 2025 8:03 PM IST

ഇരുവരും അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത് എന്നതാണ് കാരണം.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റർ സർഫറാസ് ഖാൻ ഓസ്ട്രേലിയക്കെതിരായ നാലുദിന പരമ്പരക്കായുള്ള ഇന്ത്യ എ സ്ക്വാഡിൽ ഉൾപ്പെട്ടിരുന്നില്ല. ആഭ്യന്തരതലത്തിൽ മികച്ച പ്രകടനം തുടരുന്ന കുറച്ചുകാലമായി സ്ക്വാഡിൽ നിന്ന് പുറത്താണ്. പരിക്കുമാറി പന്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് സർഫറാസിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇരുവരും അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത് എന്നതാണ് കാരണം.

ഓ​ഗസ്റ്റിൽ നടന്ന ഇം​ഗ്ലണ്ടിനെതിരായ പരമ്പരക്കിടെ പരിക്കേറ്റ പന്ത് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മധ്യനിരയിൽ സ്ഥിരം സാന്നിധ്യമാണ് പന്ത്. കൂടാതെ രവീന്ദ്ര ജഡേജ, വാഷിം​ഗ്ടൺ സുന്ദർ, ധ്രുവ് ജുറേൽ എന്നീ താരങ്ങളുമുണ്ട്. കൂടാതെ മൂന്നാം നമ്പറിൽ സായി സുദർശനും നാലാം നമ്പറിൽ ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലും സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. അതിനാൽ സർഫറാസിന്റെ ടീമിലേക്കുള്ള മടങ്ങി വരവ് എളുപ്പമായിരിക്കില്ല.

''സർഫറാസ് മുംബൈ ടീം മാനേജ്‌മെന്റുമായും അവരുടെ ഏറ്റവും മുതിർന്ന കളിക്കാരനായ അജിങ്ക്യ രഹാനെയുമായും സംസാരിക്കണം. ന്യൂ ബോൾ നേരിടേണ്ടി വന്നേക്കാവുന്ന മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ശ്രമിക്കണം. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ അദ്ദേഹം ബാറ്റ് ചെയ്യുന്നത് തുടരുകയാണെങ്കിൽ ടീമിലേക്കുള്ള തിരിച്ചുവരവിന് സഹായിക്കില്ല. ആ സ്ഥാനങ്ങളിൽ ഇന്ത്യയ്ക്ക് കൂടുതൽ ഓൾറൗണ്ട് ഓപ്ഷനുകളുണ്ട്''. പേര് വെളിപ്പെടുത്താത്ത മുൻ സെലക്ടർ പ്രതികരിച്ചു.

ന്യൂസിലൻഡിനെതിരായ പരമ്പരയിലാണ് സർഫറാസ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഇന്ത്യ പരാജയപ്പെട്ട പരമ്പരയിൽ ഒരു സെഞ്ചുറി ഉൾപ്പടെ 171 റൺസ് നേടിയിരുന്നു. കൂടാതെ അവസാനമായി ഇം​ഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എ ടീമിനായി ഇറങ്ങി മത്സരത്തിൽ 92 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു

Similar Posts