< Back
Cricket
Digvesh continues to write notes even after the work is completed; This time on the ground - Video
Cricket

പണികിട്ടിയിട്ടും 'നോട്ടെഴുത്ത്' നിർത്താതെ ദിഗ്‌വേഷ്; ഇത്തവണ ഗ്രൗണ്ടിൽ-വീഡിയോ

Sports Desk
|
8 April 2025 8:39 PM IST

ആദ്യമാച്ചിൽ മാച്ച് ഫീയുടെ 25 ശതമാനവും രണ്ടാംമാച്ചിൽ 50 ശതമാനവുമാണ് ബിസിസിഐ താരത്തിന് പിഴ വിധിച്ചത്.

കൊൽക്കത്ത: തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പിഴശിക്ഷ ലഭിച്ചിട്ടും നോട്ട്ബുക്ക് സെലിബ്രേഷനിൽ നിന്ന് പിൻമാറാതെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരം ദിഗ്‌വേഷ് രാത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനിൽ നരെയ്‌നെ(30) പുറത്താക്കിയതിന് പിന്നാലെയാണ് തന്റെ ട്രേഡ്മാർക്ക് സെലിബ്രേഷൻ ലഖ്‌നൗ സ്പിന്നർ പുറത്തെടുത്തത്. സാധാരണ കൈയ്യിലാണ് എഴുതിയതെങ്കിൽ ഇത്തവണ ഗ്രൗണ്ടിലാണെന്ന മാറ്റം മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ദിഗ്‌വേഷിന്റെ സെലിബ്രേഷന് ബിസിസിഐ പിഴ വിധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

നേരത്തെ ഐപിഎൽ സീസണിൽ രണ്ട് തവണ ദിഗ്‌വേഷ് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു. പഞ്ചാബ് കിങ്‌സ് താരം പ്രിയാൻഷ് ആര്യയേയും മുംബൈ ഇന്ത്യൻസിന്റെ നമൻ ദിറിനെയും പുറത്താക്കിയാണ് ദിഗ്‌വേഷ് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയത്. ആദ്യത്തെ തവണ മാച്ച് ഫീയുടെ 25 ശതമാനവും ഒരു ഡിമെറിറ്റ് പോയിന്റുമായിരുന്നു ബിസിസിഐ ശിക്ഷ വിധിച്ചത്. രണ്ടാമത്തെ തവണ മാച്ച് ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡിമെറിറ്റ് പോയിന്റും നൽകി.

തന്റെ ആരാധാനാപാത്രമായ സുനിൽ നരെയിന്റെ വിക്കറ്റെടുത്തതും ആഘോഷിക്കാൻ താരം തീരുമാനിക്കുകയായിരുന്നു. മത്സരത്തിൽ കൊൽക്കത്തക്കെതിരെ നാല് റൺസ് ജയമാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്് സ്വന്തമാക്കിയത്. നാല് ഓവർ എറിഞ്ഞ ദിഗ്‌വേഷ് 33 റൺസ് വിട്ടുകൊടുത്താണ് നിർണായക വിക്കറ്റ് സ്വന്തമാക്കിയത്. ലഖ്‌നൗ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കെകെആർ പോരാട്ടം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234ൽ അവസാനിച്ചു. രവി ബിഷ്‌ണോയി എറിഞ്ഞ 20ാം ഓവറിൽ വിജയത്തിന് 24 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തക്ക് 19 റൺസെടുക്കാനേ സാധിച്ചുള്ളൂ.

Similar Posts